ഒട്ടാവ:അന്തർദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ ഉള്‍പ്പെടെ ശക്തമായ പല നിയന്ത്രണങ്ങളാണ് കാനഡ അടുത്തിടെ നടപ്പിലാക്കിയിരിക്കുന്നത്. ഭവന പ്രതിസന്ധി അടക്കമുള്ള വർധിച്ച് വരുന്ന പ്രാദേശിക വികാരങ്ങളെ ക്ഷമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. എന്നാല്‍ കാനഡയ്ക്കുള്ളില്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരായ വികാരം ഉയർന്ന് വരുമെന്ന വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ അത് യാഥാർത്ഥ്യമാകുകയും ചെയ്തിരിക്കുകയാണ്.
അന്താരാഷ്‌ട്ര വിസ നിയന്ത്രണങ്ങളില്‍ നിന്ന് ചില വിദ്യാലയങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനപ്പെട്ട ഒരു പ്രവിശ്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ട്രക്കിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ പ്രധാന ജോലികൾക്കായി ആളുകളെ പരിശീലിപ്പിക്കുന്ന സ്‌കൂളുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ബ്രിട്ടീഷ് കൊളംബിയ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തൊഴിലാളി ക്ഷാമമുള്ള മേഖലകളിലെ ജോലി നികത്താൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയാതിരിക്കാന്‍ സർക്കാർ ശ്രദ്ധിക്കണമെന്ന് ബിസി പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ലിസ ബിയർ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ട്രക്കിംഗ്, ബാല്യകാല വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവയുൾപ്പെടെ, “ഡിമാൻഡ് ഏരിയകൾക്കായി ബിസിയുടെ ലെറ്റർ ഓഫ് അറ്റസ്റ്റേഷൻ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണം തുടരുന്നതിന്” ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറുമായി താൻ കൂടിക്കാഴ്ച നടത്തുമെന്നും ബെയർ പറഞ്ഞു.
വോട്ടെടുപ്പിൽ പിന്നിലായേക്കുമെന്ന് ഭയപ്പെടുന്ന ട്രൂഡോ കുടിയേറ്റത്തെ റെക്കോർഡ് തലത്തിലേക്ക് ഉയർത്തിയതിന് ശേഷം എണ്ണം കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഒക്ടോബർ 1 ന് അവസാനിച്ച വർഷത്തിൽ കാനഡയിലെ ജനസംഖ്യ 1.25 ദശലക്ഷത്തിൽ നിന്ന് 40.5 ദശലക്ഷമായി ഉയർന്നിരുന്നു. വിദേശ വിദ്യാർത്ഥികളുടെ വർദ്ധനവാണ് കാനഡയിലെ ജനസഖ്യ ഉയരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
വിദേശ വിദ്യാർത്ഥി വിസ അനുമതി 2023 ലേതില്‍ നിന്നും 35 ശതമാനമെങ്കിലും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം. എന്നാൽ പുതിയ നിയന്ത്രണങ്ങൾ ബ്രിട്ടീഷ് കൊളംബിയയുടെ ആവശ്യങ്ങൾ കണക്കിലെടുക്കുന്നതല്ല. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് മാർക്ക് മില്ലറുമായി ചർച്ച നടത്തുമെന്നും ബെയർ വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതോടെ ഈ വർഷം, കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ പ്രവിശ്യയായ ബിസിയിലെ സ്വകാര്യ കോളേജുകൾക്ക് 2023-ൽ ലഭിച്ചതിനേക്കാൾ 27% കുറച്ച് സ്റ്റഡി പെർമിറ്റ് അപേക്ഷകൾ മാത്രമേ ലഭിക്കൂ. ഇത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പല സ്ഥാപനങ്ങളുടെയും ബിസിനസ് ലക്ഷ്യങ്ങള്‍ക്കും തിരിച്ചടിയാകും.
എന്നാല്‍ എത്ര കോളേജുകളെ ബാധിക്കുമെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ബെയർ വിസമ്മതിച്ചു. അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ക്കായുള്ള പുതിയ പ്രൊവിൻഷ്യൽ സംവിധാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിസി സർക്കാർ കൂട്ടിച്ചേർത്തു. മൊത്തത്തിൽ, ഈ വർഷം അംഗീകൃത പഠന അനുമതികളുടെ എണ്ണം ഏകദേശം 17% കുറയുമെന്ന് പ്രവിശ്യ പ്രതീക്ഷിക്കുന്നു.