ന്യൂയോർക്ക്: ഭീകരർക്ക് കാനഡ താവളം ഒരുക്കുകയാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനെയും ധരിപ്പിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. യുഎസ് സന്ദർശനത്തിന്റെ ഭാഗമായാണ് ജയശങ്കർ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ഖലിസ്ഥാൻ ഭീകരൻ കാനഡയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും കാനഡയും കൊമ്പുകോർത്തിരുന്നു.
‘‘കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉയർത്തി. ഇന്ത്യ മറുപടിയും നൽകി. ജസ്റ്റിൻ ട്രൂഡോ നടത്തിയ ആരോപണങ്ങൾ ഇന്ത്യയുടെ നയമല്ല. കനേഡിയൻ സർക്കാരിന് കൃത്യമായ വിവരങ്ങളുണ്ടെങ്കിൽ പരിശോധന നടത്താം. സംഭവത്തെക്കിറിച്ച് യുഎസിനുള്ള കാഴ്ചപ്പാടുകളും നിഗമനങ്ങളും അവർ അറിയിച്ചുവെന്നും ജയശങ്കർ പറഞ്ഞു. നമുക്കുള്ള ആശങ്കകൾ അവരോടും പങ്കുവച്ചു. കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിഷ്‌ക്രിയമായിരുന്ന പല ഭീകരശക്തികളും വീണ്ടും സജീവമായിരിക്കുന്നു. അതിന് അനുവാദം നല്‍കുന്ന സമീപനമാണ് കാനഡ സ്വീകരിക്കുന്നത്. ഭീകരര്‍ക്കും അക്രമം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരം, രാഷ്ട്രീയ താല്‍പര്യം കണക്കിലെടുത്തു കാനഡ ഒരുക്കുകയാണ്.
അമേരിക്കയ്ക്കു കാനഡയെക്കുറിച്ചു വ്യത്യസ്തമായ കാഴ്ചപ്പാടാവും ഉണ്ടായിരിക്കുക. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അങ്ങനെയല്ല. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ കാനഡയില്‍ ഒട്ടും സുരക്ഷിതരല്ല. കാനഡയിലെ എംബിസികളിലും കോണ്‍സുലേറ്റുകളിലും സുരക്ഷിതമായി അവര്‍ക്കു പോകാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വീസ സര്‍വീസ് നിര്‍ത്തിവച്ചതെന്നും ജയശങ്കര്‍ പറഞ്ഞു.
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ശ്രമിക്കുമെന്ന് ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയത്തിൽ പ്രതികരിക്കുന്നതിൽ യുഎസ് സംയമനം പാലിക്കുകയാണ്. ഇതിനിടെയാണ് ജയശങ്കർ യുഎസ് സന്ദർശനം നടത്തുന്നത്.