FeaturedHome-bannerKeralaNews

മുഖ്യമന്ത്രിക്കെതിരായ വിധി സഭയ്ക്ക് പരിശോധിക്കാം? ലോകായുക്ത നിയമഭേദഗതിയിൽ സമവായ നിര്‍ദേശം

തിരുവനന്തപുരം: ലോകയുക്ത നിയമ ഭേദഗതിയിൽ സിപിഎമ്മും സിപിഐയുമായുള്ള ചര്‍ച്ചയിൽ പുതിയ സമവായ നിര്‍ദേശം. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കിൽ പുനപരിശോധന നടത്താൻ നിയമസഭയേയും, മന്ത്രിമാര്‍ക്ക് എതിരായ ലോകായുക്ത വിധി പുനപരിശോധിക്കാൻ മുഖ്യമന്ത്രിയേയും, എംഎൽഎമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പുനപരിശോധിക്കാവുന്ന തരത്തിൽ നിയമഭേദഗതി നടത്താം എന്നാണ് ഏറ്റവും ഒടുവിൽ ചര്‍ച്ചകളിൽ ഉരുതിരി‍ഞ്ഞു വന്ന നിര്‍ദേശം. 

ഇക്കാര്യത്തിൽ സിപിഎം – സിപിഐ നേതൃത്വം ചര്‍ച്ചകൾ തുടരുകയാണ്. ഭേദഗതി സിപിഐ അംഗീകരിക്കുന്ന പക്ഷം നിയമസഭയിൽ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാനാണ് നീക്കം. സബ്ജക്ട് കമ്മിറ്റിയിലോ അല്ലെങ്കിൽ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയിലോ ഭേദഗതി കൊണ്ടുവരാനാണ് നിലവിലെ നിര്‍ദേശം. ലോകായുക്ത വിധിയുടെ പുനപരിശോധനയ്ക്ക് സ്വതന്ത്രസമിതി എന്ന സിപിഐയുടെ മുൻനിര്‍ദേശത്തിൽ നിയമപ്രശ്നമുണ്ട് എന്നാണ് വിലയിരുത്തൽ ഈ സാഹചര്യത്തിലാണ് പുതിയ സമവായ നിര്‍ദേശം ഉയര്‍ന്നു വന്നത്. 

നിയമനിര്‍മ്മാണത്തിനായുള്ള കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. സെപ്തംബര്‍ രണ്ട് വരെ നീളുന്ന സമ്മേളനത്തിനിടയിൽ ലോകായുക്ത നിയമഭേദഗതി ബിൽ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിക്കും. നിലവിൽ സര്‍ക്കാര്‍ മുന്നോട്ട് വച്ച ലോകായുക്ത നിയമഭേദഗതിയോട് സിപിഐ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അവരെ അനുനയിപ്പിച്ച് മുന്നോട്ട് പോകാനുള്ള നീക്കത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം ശ്രമം തുടങ്ങിയത്. 

കഴിഞ്ഞ ദിവസം എകെജി സെൻ്ററിൽ സിപിഐ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമമന്ത്രി പി.രാജീവും ചര്‍ച്ചയിൽ പങ്കുചേര്‍ന്നു.  സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനുമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ നേതാക്കൾ എകെജി സെൻ്ററിൽ നിന്നും മടങ്ങി. പിന്നാലെ മുഖ്യമന്ത്രിയും മന്ത്രി രാജീവും തിരിച്ചു പോയി. 

ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പ് തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന്  11 ഓര്‍ഡിനൻസുകൾ റദ്ദായ അസാധാരണ സാഹചര്യമാണ് നിലവിൽ സര്‍ക്കാരിന് മുന്നിലുള്ളത്. സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ പോരാടുന്ന സ്ഥിതി വിശേഷം കേരള രാഷ്ട്രീയ ചരിത്രത്തിലും അപൂര്‍വ്വം. 

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കൽ  അടക്കം ഭേദഗതികൾക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നിരയിൽ നിന്ന് ഉണ്ടാകും.  ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് തുടക്കം മുതൽ സിപിഐക്ക് എതിര്‍പ്പാണ്.  ഇതിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയിലുള്ളത്. 

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ശക്തമാകുന്നതിനിടെ സര്‍വ്വകലാശാല വൈസ് ചാൻസിലര്‍ നിയമനത്തിൽ ചാൻസിലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതിയും നിയമസഭയിലെത്താനുള്ള സാധ്യതയുണ്ട് . നിലവിൽ പുറത്ത് വന്ന ലിസ്റ്റിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും  ഗവര്‍ണൺറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് വന്നാൽ അതിനെതിരെയും കനത്ത പ്രതിഷേധം സഭയിൽ ഉയര്‍ന്നു വന്നേക്കും . 

നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ ഉള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നതെന്ന് സ്പീക്കര്‍ പ്രതികരിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button