ന്യൂഡൽഹി: അധിക കടമെടുപ്പിനായുള്ള സംസ്ഥാന സർക്കാരിൻ്റെ ഇടക്കാല ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. 10,000 കോടി രൂപ കൂടി അധികമായി കടമെടുക്കാൻ അനുമതി നൽകണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുൾപ്പെട്ട ബെഞ്ച് രാവിലെ 10:30ന് വിധി പറയും. നേരത്തെ കേരളത്തിൻ്റെ ആവശ്യത്തിൽ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ച നടന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതി ഹർജിയിൽ വീണ്ടും വാദം കേട്ടത്.
കേരളത്തിൻ്റെ ഹർജിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കാണ് സുപ്രീം കോടതി വേദിയായത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചു തെറ്റായ കണക്കാണ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയതെന്നും ഇതു ഞെട്ടിച്ചുവെന്നും കേരളം വാദിച്ചു. കേന്ദ്ര നടപടിക്കു പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും കേരളം വാദിച്ചു.
അതേസമയം ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജിഎസ്ഡിപിയുടെ 4.25 ശതമാനം കേരളം കടം എത്തുവെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം. ഇനി 25,000 കോടി രൂപ കടമെടുക്കാണ അനുവദിച്ചാൽ ജിഎസ്ഡിപിയുടെ ഏഴ് ശതമാനം കഴിയുമെന്നും കേന്ദ്രം വാദിച്ചു. സാമ്പത്തിക വർഷത്തിന് മുൻപ് തന്നെ ഹർജിയിൽ വിധി പറയണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പുതിയ സാമ്പത്തിക വർഷത്തിൻ്റെ തുടക്ക (ഏപ്രിൽ ഒന്ന്) ത്തിലേക്ക് മാറ്റുകയായിരുന്നു.