അസം: ലോക്‌സഭാ എംപിയും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പ്രസിഡൻ്റുമായ ബദറുദ്ദീൻ അജ്മലിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം അസമിൽ ഏകീകൃത സിവിൽ കോഡ് നിയമം നടപ്പിലാക്കുകയും അതിന് ശേഷം ബഹുഭാര്യത്വം നിയമവിരുദ്ധം ആകുകയും ചെയ്യും.
അതിന് മുൻപേ ഒന്നോ രണ്ടോ വിവാഹം കഴിക്കണമെന്നതായിരുന്നു ബദറുദ്ദീൻ അജ്മലിന് എതിരെയുളള ഹിമന്ത ശർമ്മയുടെ പരിഹാസം. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിവാഹ ചടങ്ങുകൾക്ക് ക്ഷണിച്ചാൽ, അത് ഇപ്പോഴും നിയമാനുസൃതമായതിനാൽ താനും പങ്കെടുക്കുമെന്നും ഹിമന്ത ശർമ്മ കൂട്ടിച്ചേർത്തു.
ബഹുഭാര്യത്വത്തിന് നിരോധനം ഏർപ്പെടുത്തുന്നതിന് പകരം ഒന്നിലധികം തവണ വിവാഹം കഴിക്കുന്നതിനെതിരെ അസം സർക്കാർ ബോധവൽക്കരണം നടത്തണമെന്ന് ബദ്റുദ്ദീൻ അജ്മൽ പറഞ്ഞിരുന്നു. അസം സർക്കാർ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അജ്മലിൻ്റെ പരാമർശം.
അടുത്തിടെ മിയ എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശ് മുസ്ലിങ്ങൾ അസമിലെ ആചാരങ്ങളും വ്യവസ്ഥകളും അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദമ്പതികൾ രണ്ട് കുട്ടികൾ മാത്രമായി പരിമിതപ്പെടുത്തണം, ഒരാൾ ഒന്നിലധികം വിവാഹം കഴിക്കരുത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നടത്തരുത് എന്നിവയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശങ്ങൾ.
അസമിലെ ഹിമന്ത ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 2023ൽ രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കൂടാതെ പ്രായമായ നിരവധി പുരുഷന്മാർ ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുടെ ഭാര്യമാരിൽ കൂടുതലും ചെറുപ്പക്കാരായ പെൺകുട്ടികളാണെന്നും സമൂഹത്തിലെ ദരിദ്ര വിഭാഗത്തിൽ നിന്നുള്ളവരാണെന്നും ശർമ്മ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.