തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ എതിര്‍പ്പ് ശക്തമാകുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വേറിട്ട പ്രതിഷേധ കാമ്പയിന്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്സിന്‍ ചലഞ്ച് എന്ന പുതിയ കാമ്പയിന്‍.
വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യവാക്സില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിനേഷന്‍ നയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് #vaccinechallenge എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്. വാക്സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്.
വാക്സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്സിന്‍ വിതരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ വിലവിവരം കമ്പനി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വാക്സിന്‍ ലഭ്യമാകുക.