വിജയവാഡ: വിവാഹത്തിന് ഒരു മാസം ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്റെ കഴുത്തറത്ത് യുവതി. ആന്ധ്രപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കൊമ്മലപുഡി സ്വദേശിയായ പുഷ്പയാണ് പ്രതിശ്രുതവരനായ രാമുനായിഡുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിശാഖപട്ടണം സ്വദേശിയായ രാമുനായിഡുവും പുഷ്പയും തമ്മിലുള്ള വിവാഹം മെയ് 29-ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായി ജോലിചെയ്യുന്ന യുവാവിനെ കഴിഞ്ഞദിവസം പുഷ്പ തന്റെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിശ്രുത വരനുമായി കുന്നിന്‍മുകളിലെ ക്ഷേത്രത്തിലേക്ക് പോയി. ഇവിടെവെച്ചാണ് ഒരു സര്‍പ്രൈസ് സമ്മാനം തരാമെന്നും കണ്ണടച്ചിരിക്കണമെന്നും യുവതി രാമനായിഡുവിനോട് ആവശ്യപ്പെട്ടത്. കണ്ണടച്ചതിന് പിന്നാലെ പുഷ്പ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തറക്കുകയായിരുന്നു.
തന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷവും പുഷ്പ സമീപത്തുതന്നെ നില്‍ക്കുകയായിരുന്നുവെന്ന് രാമനായിഡു പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ട് ഇയാള്‍ തന്നെയാണ് 108-ല്‍ വിളിച്ച് വിവരമറിയിച്ചത്. ഉടന്‍തന്നെ ആംബുലന്‍സ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അതേസമയം, ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ തങ്ങള്‍ രണ്ടുപേരും ബൈക്കില്‍നിന്ന് വീണെന്നായിരുന്നു പുഷ്പ ആദ്യം പോലീസിന് നല്‍കിയ മൊഴി. പിന്നീട് യുവാവിന്റെ മൊഴി പുറത്തുവന്നതോടെ താന്‍ തന്നെയാണ് ആക്രമിച്ചതെന്ന് യുവതി സമ്മതിച്ചു. രാമനായിഡുവുമായുള്ള വിവാഹത്തിന് തനിക്ക് താത്പര്യം ഇല്ലായിരുന്നുവെന്നും മാതാപിതാക്കളാണ് വിവാഹത്തിന് നിര്‍ബന്ധിച്ചതെന്നും പുഷ്പ പോലീസിനോട് പറഞ്ഞു.