രാത്രി 9.15-ന് പരാതിക്കാരിയെ ഫോൺവിളിച്ച്‌ മോശമായി സംസാരിച്ചു; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

പാലക്കാട് : പരാതിക്കാരിയെ അസമയത്ത് ഫോണില്‍വിളിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണഭാഗമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ജോസ് ആണ് നടപടിയെടുത്തത്. അന്വേഷണത്തിനായി പാലക്കാട് നര്‍ക്കോട്ടിക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

നവംബര്‍മാസം 24നാണ് പരാതിക്കിടയായ സംഭവം. രാത്രി 9.15-നാണ് പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് മോശമായി സംസാരിച്ചതെന്ന് പറയുന്നു. ഇതുസംബന്ധിച്ച് മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി.ക്ക്് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന്, സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറിയിട്ടുള്ളതായും ഇദ്ദേഹം മുന്‍പും മറ്റൊരു സ്ത്രീയെയും പലതവണ ഫോണില്‍വിളിച്ച് സമാനരീതിയില്‍ സംസാരിച്ചിട്ടുള്ളതായും വകുപ്പുതലത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടും അനുബന്ധരേഖകളും വിശദമായി പരിശോധിച്ചതില്‍ പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും പോലീസ് സേനയുടെ അന്തസ്സിനും സല്‍പ്പേരിനും അവമതിപ്പുണ്ടാക്കിയതായി ഡി.ഐ.ജി.യുടെ ഉത്തരവില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News