ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ 11 സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ നടപടി കൊല്‍ക്കത്ത ഹൈക്കോടതി ശരിവച്ചു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയിലാണ് സി.വി. ആനന്ദബോസ് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്താതെ 11 താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്.
ഇങ്ങനെ നിയമനം ലഭിച്ച താത്കാലിക വൈസ് ചാന്‍സലര്‍മാര്‍ക്ക് ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മുഴുവന്‍ സമയ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുവരെ ചാന്‍സലര്‍ എന്ന നിലയില്‍ താത്കാലിക വൈസ് ചാന്‍സ്ലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രിയുമായി കൂടിയാലോചന നടത്താതെയാണ് താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് എന്നും, ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഉന്നത വിദ്യാഭ്യാസമന്ത്രി കര്‍ക്കശമായ നിലപാട് സ്വീകരിക്കുമ്പോള്‍, കൂടിയാലോചന നടത്തുന്നത് പാഴായ ശ്രമമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജൂണ്‍ ഒന്നിനാണ് സി.വി. ആനന്ദബോസ് ബംഗാളിലെ 11 സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്താതെയുള്ള ഈ നിയമനങ്ങള്‍ നിയമവിധേയമല്ലെന്നും, ഇങ്ങനെ നിയമനം ലഭിച്ചവരെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ബ്രത്യാ ബസു അറിയിച്ചിരുന്നു. ഇവര്‍ക്ക് ശമ്പളവും, ആനുകൂല്യങ്ങളും നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ബംഗാളിലെ സര്‍വകലാശാലകളില്‍ താത്കാലിക വിസിമാരായി നിയമിക്കാന്‍ 27 പേരുകള്‍ അടങ്ങുന്ന പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.