ന്യൂഡല്‍ഹി: ജഡ്ജി പദവിയില്‍നിന്ന് രാജിവെച്ച കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ് ബി.ജെ.പിയിലേക്ക്. ചൊവ്വാഴ്ച പദവിയില്‍നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് താന്‍ ബി.ജെ.പിയിലേക്ക് ചേരുകയാണെന്ന് പ്രഖ്യാപനം നടത്തിയത്. രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഗംഗോപാധ്യായ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഗോപാധ്യായ് മത്സരിക്കുെമന്നാണ് പുറത്തുവരുന്ന വിവരം. ബംഗാളിലെ തംലുക് മണ്ഡലത്തില്‍ നിന്നായിരിക്കും അദ്ദേഹം ബി.ജെ.പി ടിക്കറ്റില്‍ ജനവിധി തേടുക. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടയാണ് തംലുക് മണ്ഡലം. 2009-മുതല്‍ മണ്ഡലം തൃണമൂലിന്റെ കൈയ്യിലാണ്.
ഞായറാഴ്ച ജഡ്ജി പദവിയില്‍നിന്ന് രാജിവെക്കാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ തൃണമൂലില്‍നിന്ന് ക്ഷണം ലഭിച്ചിരുന്നു. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണെന്ന് ഗംഗോപാധ്യായ് മറുപടിയും നല്‍കി.
സംസ്ഥാന വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് അഭിജിത് ഗംഗോപാധ്യായ് നടത്തിയ വിധിപ്രസ്താവങ്ങള്‍ ശ്രദ്ധ നേടിയവയാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനും അവയ്ക്ക് സാധിച്ചു. എംബിബിഎസ് പ്രവേശനത്തിലെയും അധ്യാപകനിയമനത്തിലെയും ക്രമക്കേട് അന്വേഷിക്കാന്‍ സിബിഐ, ഇഡി എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പലതവണ അഭിജിത് ഗംഗോപാധ്യായ് ഉത്തരവിട്ടിരുന്നു. ഗംഗോപാധ്യായുടെ നടപടികള്‍ പലവിധത്തിലും മമത സര്‍ക്കാരിന് തലവേദനയായി മാറുകയും ചെയ്തിരുന്നു.