NationalNews

സിഎജിയുടെ ചോദ്യം: ‘കുഞ്ഞുകുട്ടികൾക്ക് ആധാർ എന്തിന്’?

ന്യൂഡൽഹി : 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആധാർ (ബാൽ ആധാർ) നൽകുന്നത് പുനഃപരിശോധിക്കണമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. 2019 മാർച്ച് വരെ ഇതിനായി ചെലവഴിച്ച 210 കോടി ഒഴിവാക്കാമായിരുന്നതാണെന്നും സിഎജി ചൂണ്ടിക്കാട്ടി. രണ്ടാം ഘട്ടത്തിൽ 2020–21 വർഷത്തേക്ക് 288.11 കോടി രൂപയാണ് ഇതിനായി അനുവദിച്ചതെന്നും റിപ്പോർട്ട് പറയുന്നു.

നിലവിൽ മാതാപിതാക്കളുടെ ബയോമെട്രിക് വിവരങ്ങളുപയോഗിച്ചാണ് 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ നൽകുന്നത്. ഓരോ ആധാറും സവിശേഷമായിരിക്കണമെന്ന ചട്ടം പാലിക്കാതെ ഇങ്ങനെ ആധാർ നൽകുന്നത് പുനഃപരിശോധിക്കണം. ഇത് ആധാർ നിയമത്തിനു വിരുദ്ധമാണ്.

5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആധാറില്ലെങ്കിലും സേവനങ്ങൾ തടയരുന്നതെന്നു സുപ്രീം കോടതി പറഞ്ഞ സാഹചര്യത്തിൽ കുട്ടികളുടെ ആധാർ സവിശേഷമാണെന്നു (യുണീക്) ഉറപ്പ് വരുത്താൻ പുതിയ വഴികൾ തേടണമെന്നും നിർദേശമുണ്ട്.

5 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറില്ല. ചെറുപ്രായത്തിൽ ബയോമെട്രിക് വിവരങ്ങൾ പൂർണമായും വികസിക്കാത്തതു മൂലമാണിത്. എന്നാൽ 5 വയസ്സു തികഞ്ഞ് 2 വർഷത്തിനുള്ളിൽ (7 വയസ്സിനുള്ളിൽ) ആദ്യ ബയോമെട്രിക് അപ്‍ഡേഷൻ നടത്തണമെന്നാണ് വ്യവസ്ഥ. തെറ്റായ ബയോമെട്രിക് വിവരങ്ങൾ ഒട്ടേറെ ആധാറുകളിൽ കടന്നുകൂടിയിട്ടുണ്ടെന്ന് സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button