കൊല്ലം: കരുനാഗപ്പള്ളിയില്‍ പൗരത്വ ബില്ലിനെതിരെ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം. രോഗിയെ എടുക്കാനായി പോയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയായിരുന്നു.ജീവനക്കാരെ കൈയേറ്റം ചെയ്തപ്പോള്‍ പൊലീസ് പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ രോഗികളില്ലാത്ത ആംബുലന്‍സ് പ്രകടനക്കാര്‍ക്കിടയിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നുവെന്നാണ് സമരക്കാര്‍ പറയുന്നത്.
അതേസമയം ഇന്നത്തെ ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ ഇന്നലെ വൈകിട്ടോടെ പൊലീസിനെ വിന്യസിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചു.
അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ ഫയര്‍ഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു.ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാര്‍ നേരിട്ട് വിലയിരുത്തും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ, വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി അതീവജാഗ്രതാ നിര്‍ദേശം നല്‍കി.
റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് തുടര്‍ച്ചയായി റോന്ത് ചുറ്റും. സഞ്ചാരസ്വാതന്ത്യം തടസപ്പെടാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനും പാടില്ല. അക്രമത്തിന് നേതൃത്വം നല്‍കാനിടയുള്ളവരെ കരുതല്‍ തടങ്കലില്‍ വയ്ക്കും. പൊതുസ്ഥലങ്ങളില്‍ ഇന്ന് കൂട്ടംകൂടാന്‍ അനുവദിക്കില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെ.എസ്.ഇ.ബി എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കും.