ന്യൂഡൽഹി: എൻ.എസ്.എസ്. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്നും മന്നം സ്മാരകത്തിൽ എല്ലാ നായൻമാർക്കും അവകാശമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് നായർ സമുദായാഗംങ്ങളുടെ അവകാശമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ നടന്ന മന്നം അനുസ്മരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനന്ദബോസ്.
തനിക്ക് വളരെ സങ്കടകരമായ ഒരു കാര്യമുണ്ടായതായും അത് തുറന്നുപറയാൻ ആഗ്രഹിക്കുകയാണെന്നും പറഞ്ഞായിരുന്നു ആനന്ദബോസ് തുടങ്ങിയത്. ഗ്രാമപ്രദേശത്ത് പഠിച്ചുവളർന്നയാളാണ്. മലയാളം മീഡിയത്തിൽ പഠിച്ചയാളാണ്. ദൈവാനുഗ്രഹം കൊണ്ട് ഐഎഎസ് കിട്ടി. പശ്ചിമബംഗാളിന്റെ ഗവർണറാക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഒരു ദിവസം വിളിച്ചു പറഞ്ഞു.
കരയോഗമാണ് തന്നെയാ സ്ഥാനത്ത് കൊണ്ടെത്തിച്ചത്. അത് മനസ്സിൽവെച്ചുകൊണ്ടാണ് ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ മുൻപിൽ പുഷ്പാർച്ചന നടത്തണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അറിയിച്ചത്.
ജനറൽ സെക്രട്ടറി കാറിന്റെ ഡോർ തുറന്ന് സ്വീകരിച്ചു. ചായ സത്കാരം നൽകി, സംസാരിച്ചു. കാറിൽ കയറ്റി തിരികെ അയയ്ക്കുകയും ചെയ്തു. പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം പറഞ്ഞില്ല. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് നായർ സമുദായാഗംങ്ങളുടെ അവകാശമല്ലേ, ആനന്ദബോസ് പ്രസംഗത്തിൽ പറഞ്ഞു.


