തൃശൂര്‍: മരുന്നു നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് നഴ്സിനെ രോഗിയുടെ പിതാവ് മര്‍ദിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ് അഞ്ചില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റാഫ് നഴ്സിന് നേരെയാണ് രോഗിയായ കുട്ടിയുടെ കൂട്ടിരിപ്പുകാരനായ അച്ഛന്റെ അതിക്രമം ഉണ്ടായത്.
ഇന്നലെ വൈകിട്ടാണ് സംഭവം. രോഗിക്ക് നല്‍കുന്ന മരുന്നിന്റെ ഡോസിനെ സംബന്ധിച്ച് നഴ്സിനുണ്ടായ സംശയത്തെ തുടര്‍ന്ന് രോഗിക്ക് മരുന്നു നല്‍കാന്‍ വൈകുകയായിരുന്നു.
വാര്‍ഡില്‍ പരിശോധനയ്ക്കുവന്ന ജൂനിയര്‍ ഡോക്ടര്‍ എഴുതിയ മരുന്നിന്റെ ഡോസ് ശരിയല്ലെന്ന് ബോധ്യപ്പെട്ട നഴ്സ് മുതിര്‍ന്ന ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മരുന്നിന്റെ അളവ് വീണ്ടും പരിശോധിച്ച് നല്‍കാന്‍ മുതിര്‍ന്ന ഡോക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ മറ്റൊരു വാര്‍ഡിലേക്ക് പോയതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതിനിടെ സമയം കുറേ കഴിഞ്ഞിട്ടും രോഗിയായ കുട്ടിക്ക് മരുന്ന് നല്‍കാത്തതിനെ ചൊല്ലി രോഗിയുടെ അച്ഛന്‍ നഴ്സുമായി തര്‍ക്കത്തില്‍ ആവുകയും നഴ്സിന്റെ ഫോട്ടോയും വീഡിയോയും എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് നഴ്സിനു മര്‍ദനമേറ്റത്. പരുക്കേറ്റ നഴ്സ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് നഴ്സ് നല്‍കിയ പരാതി സൂപ്രണ്ട് മെഡിക്കല്‍ കോളജ് പോലീസിനു കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.