ദില്ലി: പിടി തോമസിൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു (By Electiond declared in Thrikkakara). കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം.
യുഡിഎഫിൻ്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പിൽ പല നേതാക്കളും സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎൽഎ പിടി തോമസിൻ്റെ പത്നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കൾ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്. മത്സരിക്കാം എന്നൊരു വ്യക്തമായ ഉറപ്പ് ഉമ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിനും പിടിയുടെ കുടുംബം തയ്യാറായിട്ടില്ല.
മറുവശത്ത് കോണ്ഗ്രസ് സ്ഥാനാർത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. ഉമാ തോമസിൻ്റെ സ്ഥാനാർത്ഥിത്വം മുൻകൂട്ടി കണ്ട് കോണ്ഗ്രസിലെ കുടുംബാധിപത്യത്തെ വിമർശിച്ചും പരിഹസിച്ചും ഇതിനോടകം ഇടത് കേന്ദ്രങ്ങൾ സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് നിന്നും ആയിരക്കണക്കിനാളുകൾ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. അതിനാൽ തന്നെ പൊതുസ്വീകാര്യതയുള്ള ഒരു പ്രമുഖ വ്യക്തതിത്വത്തെ ഇവിടെ സ്ഥാനാർത്ഥിയായി ഇറക്കണം എന്നൊരു ആലോചന സിപിഎം കേന്ദ്രങ്ങളിലുണ്ട്. എന്നാൽ ഉമയ്ക്ക് എതിരെ ഒരു വനിതാ സ്ഥാനാർത്ഥിയായി ഇറക്കണമെന്ന നിർദേശവും സജീവമാണ്. ഇതൊന്നുമല്ല നിലവിലെ കൊച്ചി മേയർ അനിൽ കുമാറിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കണം എന്ന നിർദേശവും ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകൾ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാർത്ഥിയിലേക്ക് അവർ എത്തിയിട്ടില്ല. എറണാകുളത്ത് ശക്തമായ സ്വാധീനമുള്ള ട്വൻ്റി 20 ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങുമോ എന്നതും കണ്ടറിയണം. ഇക്കാര്യത്തിൽ സംഘടനയുടെ അകത്ത് രണ്ടഭിപ്രായമുണ്ട്. പഞ്ചാബിലെ മികച്ച വിജയത്തോടെ രാജ്യവ്യാപകമായി ഉണർന്ന ആം ആദ്മി പാർട്ടിയും തൃക്കാക്കരയിൽ ഒരു കൈ നോക്കാൻ ആഗ്രഹിക്കുന്നുണ്ട്. നിലവിൽ ട്വൻ്റി 20യുമായി സഹകരിച്ചാണ് ആം ആദ്മി കേരളത്തിൽ മുന്നോട്ട് പോകുന്നത്. അതിനാൽ അവരുടെ തീരുമാനം കൂടി ഇക്കാര്യത്തിൽ ആം ആദ്മി നേതൃത്വം പരിഗണിക്കും