ന്യൂഡല്‍ഹി: മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളില്‍ ബിജെപിയും എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. ബാക്കിയുള്ള 14 സീറ്റുകളില്‍ മറ്റു കക്ഷികളാണ് ലീഡ് ചെയ്യുന്നത്.
പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാലു നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടങ്ങളില്‍ തൃണമൂല്‍ വിജയം ഉറപ്പിക്കുകയും ചെയ്തു. ബംഗാളില്‍ ബിജെപിക്ക് തോല്‍വിയാണ് ഫലമെങ്കില്‍ നേതാക്കള്‍ കൂട്ടമായി തൃണമൂലിലേക്ക് മാറുന്ന പ്രവണത തുടരും.
രാജസ്ഥാനില്‍ രണ്ടു സീറ്റിലും കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ഹിമാചല്‍പ്രദേശില്‍ രണ്ടു സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, ബിജെപിക്ക് ആശ്വാസമായി ആസാമില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ സീറ്റില്‍ മൂന്നിടത്ത് അവര്‍ മുന്നേറുകയാണ്. രണ്ടിടത്ത് യുപിപിഎല്ലുമാണ് ലീഡ് ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ കോണ്‍ഗ്രസും മധ്യപ്രദേശിലെ ഖണ്ഡ്വയിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയിലും ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.