‘മിനി കൂപ്പർ’ വിനയായി, സി.ഐ.ടി.യു. നേതാവ് അനിൽകുമാറിനെ സംഘടനാ ചുമതലകളിൽനിന്ന് നീക്കി

കൊച്ചി: മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട സി.ഐ.ടി.യു. നേതാവ് പി.കെ. അനില്‍കുമാറിനെതിരേ നടപടി. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു.വിന്റെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും അനില്‍കുമാറിനെ നീക്കി. സി.പി.എമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

അനില്‍കുമാര്‍ 50 ലക്ഷത്തോളം രൂപ വിലവരുന്ന മിനി കൂപ്പര്‍ കാര്‍ വാങ്ങിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സി.ഐ.ടി.യു. കേന്ദ്രങ്ങളിലടക്കം ഇതുസംബന്ധിച്ച വലിയ ചര്‍ച്ചകളുണ്ടായി. ഇതോടെ ഭാര്യയുടെ പേരിലാണ് കാര്‍ വാങ്ങിയതെന്ന വിശദീകരണവുമായി അനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇത് മുഖവിലക്കെടുത്തില്ല.

മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണതയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ നിലപാട് കടുപ്പിച്ചു. തുടര്‍ന്ന് കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു.വിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍നിന്നും മറ്റെല്ലാ ഭാരവാഹിത്വങ്ങളിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

കൂടാതെ ഇതേ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റായ സി.എന്‍. മോഹനനെയും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി കൂടിയാണദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News