ഒരു കിലോ കോഴിയിറച്ചി വാങ്ങിയാല്‍ ഒരു ഫ്രിഡ്ജ് സമ്മാനം! കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളുമായി വ്യാപാരികള്‍
മാനന്തവാടി: കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളുമായി ഓണത്തിന് വയനാട് ജില്ലയില്‍ കോഴിയിറച്ചി വില നിയന്ത്രിച്ച് നിര്‍ത്തിയ തരുവണയിലെ കോഴി വ്യാപാരികള്‍. കോഴി ഇറച്ചി വാങ്ങാന്‍ എത്തുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കും. ശേഷം ഇരുപത് ദിവസം കൂടുമ്പോള്‍ നറുക്കെടുപ്പ് നടത്തി ഗൃഹോപകരണങ്ങള്‍ നല്‍കുമെന്നും ഏറ്റവും കുറഞ്ഞ വിലയില്‍ കോഴിവില്‍പ്പന തുടരുമെന്നുമാണ് വ്യാപാരികള്‍ അറിയിച്ചിട്ടുള്ളത്. തരുവണയിലെ ബിസ്മി ചിക്കനില്‍ നിന്ന് ഒരു കിലോ കോഴിയിറച്ചി വാങ്ങിക്കുന്നയാള്‍ക്ക് ഒരു കൂപ്പണ്‍ ലഭിക്കും. ഒന്നാം സമ്മാനം ഫ്രിഡജ്, രണ്ടാം സമ്മാനം ഇന്‍ഡക്ഷന്‍ കുക്കര്‍, മൂന്നാം സമ്മാനം ഡിന്നര്‍സെറ്റ് എന്നിവയാണ് സമ്മാനങ്ങള്‍.
ഇക്കഴിഞ്ഞ ഓണക്കാലത്ത് അഞ്ച് ദിവസവും കുറഞ്ഞ വിലയില്‍ കോഴിയിറച്ചിയും കൂടെ സൗജന്യമായി രണ്ട് കിലോ പച്ചക്കറിയും വില്‍പ്പന നടത്തി. ഒരു ദിവസം രണ്ട് കിലോ കോഴിയിറച്ചിക്കൊപ്പം ഒന്നര കിലോ ബിരിയാണി അരിയും നല്‍കിയിരുന്നു. കുറഞ്ഞ വിലയില്‍ കോഴിവില്‍പ്പന നടത്തുന്നത് ആരെയെങ്കിലും പരാജയപ്പെടുത്താനോ മത്സരിക്കാനോ വേണ്ടിയല്ലെന്നും ലാഭം കുറച്ച് സാധാരണക്കാരനെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ്. എല്ലാ വര്‍ഷവും ആഘോഷസമയങ്ങളില്‍ കോഴി വില കുതിച്ചുയരാറുണ്ടെങ്കിലും ഈ ഓണത്തിന് തങ്ങള്‍ വിപണിയില്‍ നടത്തിയ ഇടപെടല്‍ കാരണം വിലക്കുതിപ്പുണ്ടായില്ല. ജില്ലയിലെവിടെയും കോഴിക്കട തുടങ്ങി കുറഞ്ഞ വിലയില്‍ വില്‍പ്പന നടത്താന്‍ തങ്ങളൊരുക്കമാണെന്നും വ്യാപാരികളായ കെ മോയി,പി കെ ബദറു എന്നിവര്‍ പറഞ്ഞു.