ലഖ്നൗ: ഒരാള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ ഒന്നിച്ചു നല്‍കിയതായി പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ അക്ബര്‍പൂരിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. നഴ്സ് ഫോണ്‍ വിളിയില്‍ മുഴുകി ഇരുന്നതാണ് രണ്ട് കുത്തിവെപ്പുകള്‍ നല്‍കിയത്.
50 വയസുകാരിയാണ് കമലേഷ് കുമാരിക്കാണ് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ കുത്തിവെച്ചത്. രണ്ട് ഡോസ് എടുത്തതിനെക്കുറിച്ച് നഴ്സിനോട് ചോദിച്ചപ്പോള്‍ ക്ഷമ പറയുന്നതിന് പകരം പരസ്യമായി ആക്ഷേപിച്ചെന്നും ആരോപണമുണ്ട്. സംഭവം അറിഞ്ഞെത്തിയ വീട്ടുകാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിച്ചു.
സംഭവത്തെക്കുറിച്ച് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. രണ്ട് ഡോസ് മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കമലേഷ് കുമാരിക്ക് വിറയല്‍ അനുഭവപ്പെട്ടു. ഗുരുതരമായ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സപ്തംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 513 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.
രാജ്യത്ത് ഇതുവരെ 1,24,85,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേര്‍ രോഗമുക്തി നേടി. 6,91,597 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,623 ആയി. ഇന്നലെ 7,59,79,651 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കൊവിഡിന്റെ രണ്ടാം വരവില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് മുംബൈ നഗരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 9,090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേസമയത്ത്, 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 5322 പേര്‍ക്കാണ് രോഗം ഭേദമായത്.
നഗരത്തില്‍ ഇതുവരെ 3.66 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 62,187 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 8832 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സംസ്ഥാനത്തും കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു. 202 പേരാണ് മരിച്ചത്.