കൊച്ചി: പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ബസുടമയോടും കോടതിയോടും സിഐടിയു കോട്ടയം മോട്ടർ മെക്കാനിക് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി കെ.ആർ. അജയ് മാപ്പപേക്ഷിച്ച സാഹചര്യത്തിലാണിത്. തുറന്ന കോടതിയിലായിരുന്നു മാപ്പപേക്ഷ. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുക്കുകയായിരുന്നു.
സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസുടമയെ സിഐടിയു നേതാവ് അടിച്ച സംഭവത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ബസുടമയ്ക്കു കിട്ടിയ അടി കോടതിയുടെ കരണത്താണു കൊണ്ടതെന്നു ജസ്റ്റിസ് എൻ.നഗരേഷ് അഭിപ്രായപ്പെട്ടിരുന്നു. തൊഴിൽ തർക്കത്തെത്തുടർന്നാണ് ബസുടമ രാജ്മോഹനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. 6 പൊലീസുകാർ സംരക്ഷണത്തിനുണ്ടായിരിക്കെയാണ് രാജ്മോഹനെ സിഐടിയു നേതാവ് കെ.ആർ.അജയ് മർദിച്ചത്.
‘പോയി ഒന്നു തല്ലിക്കോളൂ… ഞങ്ങൾ നോക്കിക്കൊള്ളാം’ എന്ന രീതിയിലായിരുന്നു പൊലീസ് പ്രവർത്തിച്ചതെന്നും അവർ നാടകം കളിക്കുകയായിരുന്നുവെന്ന ശക്തമായ തോന്നലുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ‘കരണത്തടിച്ചതിനുശേഷം പ്രതിയെ പൊലീസ് കീഴടക്കിയെന്നു പറയുന്നതിൽ എന്തർഥം? പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ശക്തരായവർക്കു നിങ്ങളെ ആക്രമിക്കാമെന്നും ഒന്നും സംഭവിക്കില്ലെന്നുമുള്ള സന്ദേശമല്ലേ പൊതുജനങ്ങൾക്കിതു നൽകുന്നത്? ഹൈക്കോടതിയിൽ പോകുന്നതിനെക്കാൾ നേതാക്കളുമായി ഒത്തുതീർപ്പിലെത്തുന്നതാണ് നല്ലത് എന്ന സന്ദേശമല്ലേ ഇതിലുള്ളത്’– ജഡ്ജി ചോദിച്ചു.
ഒരു മാസത്തേക്കു പൊലീസ് സംരക്ഷണം നൽകാനുള്ള ജൂൺ 23ലെ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണു രാജ്മോഹനു മർദനമേറ്റത്. രാവിലെ ബസ് എടുക്കുന്നതിനായി സിഐടിയുക്കാർ സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് രാജ്മോഹനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ കെ.ആർ.അജയ് കയ്യേറ്റം ചെയ്തത്. പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു അക്രമം. ഓടിയെത്തിയ പൊലീസുകാരൻ പഞ്ചായത്തംഗത്തെ പിടിച്ചുമാറ്റി.
ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജ്മോഹൻ തുടർന്ന് കുമരകം സ്റ്റേഷനിലെത്തി പ്രവർത്തകർക്കൊപ്പം അജയ്യുടെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം തുടങ്ങി. ഈ സമയം സ്റ്റേഷനിൽ എത്തിയ അജയ്യെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. കോടതിയുടെ നിർദേശപ്രകാരം കോട്ടയം ജില്ലാ പൊലീസ് മേധാവിയും കുമരകം സിഐയും നേരിട്ടു ഹാജരായിരുന്നു.