പാലക്കാട് : വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. വേഗത കൂടിയെന്ന അലർട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തി. അമിത വേഗത തടയാൻ അരുൺ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാകുമായിരുന്നെന്നും അതിനാലാണ് പ്രേരണാകുറ്റം ചുമത്തിയതെന്നും പൊലീസ് വിശദീകരിച്ചു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട് എസ് പി ആർ വിശ്വനാഥ് അറിയിച്ചു.
ബസ് ഡ്രൈവർ ജോമോനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ഡ്രൈവർ ജോമോനെതിരെ നേരത്തെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. എന്നാൽ
അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അതിനാലാണ് ഡ്രൈവർ ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തത്.
വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ എന്നതിന് കൂടുതൽ തെളിവുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് 5 സെക്കന്റ് മുമ്പും വേഗപരിധി ലംഘിച്ചന്ന അലർട് ഉടമയ്ക്കും ആർടിഒ കൺട്രോൾ റൂമിലും ലഭിച്ചു. രാത്രി 11.30 കഴിഞ്ഞു 34 സെക്കന്റ് ആയപ്പോഴാണ് ഒടുവിലത്തെ അലർട്ട് എത്തിയത്. അഞ്ചു സെക്കന്റിനപ്പുറം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടുകയായിരുന്നു.
അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്ത് 134 ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തു. 11 ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം കാണിച്ചു. 18 ബസുകളില്‍ അനുവദനീയമല്ലാത്ത ലൈറ്റുകള്‍ കണ്ടെത്തി. 2.16 ലക്ഷം രൂപ ആകെ പിഴ ഈടാക്കി. പരിശോധന പത്ത് ദിവസം നീണ്ടുനില്‍ക്കും.
ഭൂരിഭാഗം ബസുകളും ഓടുന്നത് നിയമങ്ങളെ വെല്ലുവിളിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകൾക്ക് പിഴയിട്ടു. ആലപ്പുഴയിൽ 36 ബസുകൾക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. സ്വകാര്യ ബസുകളിൽ മോട്ടർവാഹന വകുപ്പ് പരിശോധന നടത്തി. ബസിലെ അലങ്കാരങ്ങൾ മുറിച്ചുമാറ്റി. സ്പീഡ് ഗവർണറും പരിശോധിക്കുന്നുണ്ട്.
ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരെ നടപടിയെടുത്തു. ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയർഹോണുകളും നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലുമാണ്. നികുതിയടക്കാതെയും ബസുകൾ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളിൽ ലേസർ ലൈറ്റുകളും ഭീമൻ സബ് വൂഫറുകളും സ്മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്. ബസുകളുടെ യാത്ര കഴിഞ്ഞാൽ ഇവ പൂർണമായി നീക്കംചെയ്യാൻ നിർദേശമുണ്ട്. കുറ്റം ആവർത്തിച്ചാൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും. തമിഴ്നാട്ടിൽനിന്നെത്തിയ ബസുകൾക്കെതിരെയും നടപടിയെടുത്തു.
അതിനിടെ മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽ 9 പേർ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർ.ടി.ഒ) ചെയർമാനായി അന്വേഷണ കമ്മീഷണനെ എം.ഒ.സി പബ്ലിക് സ്കൂൾസ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. പി. എം. വർഗീസ് മാമലശ്ശേരി (റിട്ടയേർഡ് എസ്.പി ), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്കൂൾസ് ) എന്നിവരാണ് കമ്മീഷണങ്ങൾ അംഗങ്ങൾ. ഒക്ടോബർ 17-ന് റിപ്പോർട്ട് സമർപ്പിക്കണം.