ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബസിന് തീപ്പിടിച്ചു. ടെര്‍മിനല്‍ മൂന്നിലാണ് സംഭവം. എയര്‍ഇന്ത്യ വിമാനത്തിന് മീറ്ററുകള്‍ മാത്രം അകലെവെച്ചാണ് ബസിന് തീപ്പിടിച്ചത്. സംഭവസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസില്‍നിന്ന് തീ ഉയരുകയും പിന്നാലെ ആളിക്കത്തുകയുമായിരുന്നു. ഉടന്‍തന്നെ വിമാനത്താവളത്തില്‍ അഗ്നിരക്ഷാസേന എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും തീയണക്കുകയുംചെയ്തു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. ഗ്രൗണ്ട് സര്‍വീസ് കൈകാര്യംചെയ്യുന്ന ‘എയര്‍ഇന്ത്യ സാറ്റ്‌സിന്’ കീഴിലുള്ള ബസിനാണ് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് ഡല്‍ഹി വിമാനത്താവള അധികൃതർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ബസ് കത്തുന്നതിന്റെയും രക്ഷാപ്രവര്‍ത്തകര്‍ തീയണക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


