ചിറ്റൂര്‍: സ്വകാര്യ ബസിനെ ഓവര്‍ ടേക്ക് ചെയ്ത് സിഗ്നല്‍ നല്‍കാതെ ക്രോസ് ചെയ്ത് പോയ സ്‌കൂട്ടറിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ ഒന്നു മാത്രാണ് ആ സ്‌കൂട്ടറില്‍ സഞ്ചരിച്ച രണ്ടു പേരുടെയും ജീവന്‍ അപകടം ഒന്നും കൂടാതെ രക്ഷിച്ച് നിര്‍ത്തിയത്. സ്‌കൂട്ടര്‍ ഓടിച്ചയാളുടെ അശ്രദ്ധ ജീവനെടുക്കും വിധം വലുതായിരുന്നു. എന്നാല്‍ ഭാഗ്യവും ബസ് ഡ്രൈവറുടെ മനോധൈര്യവുമാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്.
ആ സംഭവത്തെ കുറിച്ച് പറയുമ്ബോള്‍ അക്ഷയിന്റെ വിറയല്‍ ഇനിയും മാറിയിട്ടില്ല. ഞായറാഴ്ചയായതിനാല്‍ റോഡില്‍ അധികം വാഹനങ്ങളുണ്ടായിരുന്നില്ല. നീണ്ടുനിവര്‍ന്നു കിടക്കുന്ന റോഡില്‍ ബസിനു മുന്നില്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പെട്ടെന്നു വെട്ടിത്തിരിഞ്ഞു വലത്തോട്ടു നീങ്ങുകയായിരുന്നു. ബസ് നിര്‍ത്താന്‍ ബ്രേക്കില്‍ കയറി നില്‍ക്കുകയായിരുന്നെന്ന് ഡ്രൈവര്‍ തൃശൂര്‍ ചിയ്യാരം സ്വദേശി എം.കെ.അക്ഷയ് (22) പറയുന്നു.
എന്തായാലും വലിയ ഒരു അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവന്‍ രക്ഷപ്പെട്ടതിന്റെയും ആശ്വാസമാണ് അക്ഷയുടെ മുഖത്ത്. ബസിലുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു സംഭവത്തിന്റെ ഗൗരവം പുറംലോകമറിഞ്ഞത്. അപകടങ്ങള്‍ സംഭവിക്കുമ്ബോള്‍ വലിയ വാഹനങ്ങളെ പഴിചാരുന്നവര്‍ക്കു ദൃശ്യങ്ങള്‍ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുത്തു. ബസ് സ്‌കൂട്ടറില്‍ തട്ടിയിരുന്നെങ്കില്‍ കാര്യമറിയാതെ ജനം ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്യുമായിരുന്നു. ബസില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നതിനാല്‍ ആ അപകടവും ഒഴിവായെന്നും അക്ഷയ് പറയുന്നു.
ഞായറാഴ്ച പന്ത്രണ്ടോടെ തൃശൂരില്‍ നിന്നു കൊഴിഞ്ഞാമ്ബാറയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ്. ഞായറാഴ്ചയായതിനാല്‍ തിരക്കു കുറഞ്ഞ, അത്യാവശ്യം വീതിയുള്ള റോഡിലൂടെ ബസ് പോകുമ്ബോഴാണു നല്ലേപ്പിള്ളി വാളറയില്‍ വച്ച് മുന്നില്‍ ഇടതുവശം ചേര്‍ന്നു പോകുകയായിരുന്ന സ്‌കൂട്ടര്‍ അപ്രതീക്ഷിതമായി വലത്തേക്കു സിഗ്‌നല്‍ നല്‍കാതെ തിരിഞ്ഞു കയറിയത്.
ഹോണ്‍ മുഴക്കിയപ്പോള്‍ ആദ്യം ഇടത്തേക്ക് ഒതുക്കിയ സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് അലക്ഷ്യമായി എതിര്‍വശത്തെ റോഡിലേക്കു കയറിയത്. സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ ബസ് പരമാവധി വലത്തേക്കു ചേര്‍ക്കുകയും ബ്രേക്കില്‍ കയറി നില്‍ക്കുകയും ചെയ്തതോടെ തലനാരിഴ വ്യത്യാസത്തില്‍ സ്‌കൂട്ടറില്‍ തട്ടാതെ ബസ് നിന്നു. തെറ്റു മനസ്സിലാക്കിയ സ്‌കൂട്ടര്‍ യാത്രക്കാരന്‍ നിര്‍ത്താതെ പോയി. വയോധികന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു.