കന്യാകുമാരി: മാർത്താണ്ഡം മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി. ബസും തമിഴ്നാട് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്റെ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ (45) ആണ് മരിച്ചത്. പരിക്കേറ്റ 35-ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം.
കെ.എസ്.ആർ.ടി.സി. ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണയെയും തമിഴ്നാട് ബസ് ഡ്രൈവർ സുരേഷ് കുമാറിനെയും ഗുരുതര പരിക്കളുടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും അനീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഇരുബസുകളിലേയും പരിക്കേറ്റ 35ഓളം പേരെ പല ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പത്തോളം പേലെ സർക്കാർ താലൂക്ക് ആശുപത്രിയിലും 22 പേരെ മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനീഷ് കൃഷ്ണയുടെ മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.