>കൊച്ചി: ചേരാനെല്ലൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് ഒരു കിലോ സ്വര്‍ണാഭരണങ്ങളും 90,000 രൂപയും മോഷ്‌ടിച്ച കേസില്‍ പ്രതി പിടിയില്‍. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി മന്നുള്ളില്‍ വീട്ടില്‍ ജോസ് (ലാലു-62) ആണു പിടിയിലായത്. ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന കളമശേരിയിലെ സ്‌ഥലത്തു നിന്ന് സാധനങ്ങള്‍ എടുക്കാനായി എത്തിയ സമയത്താണ് അറസ്‌റ്റ്. മോഷ്‌ടിച്ച ആഭരണങ്ങള്‍ ഈരാറ്റുപേട്ടയിലൊരിടത്ത് ഒളിപ്പിച്ചു വച്ചതായി ഇയാള്‍ സമ്മതിച്ചു.
ഏറ്റുമാനൂര്‍ സ്‌റ്റേഷനില്‍ മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ബന്ധുവിന്റെ കാര്‍ അവര്‍ അറിയാതെ എടുത്താണു കറങ്ങി നടന്നിരുന്നത്. ഇയാള്‍ക്കെതിരെ ഹില്‍ പാലസ് സ്‌റ്റേഷനില്‍ കൊലപാതക കേസും പുത്തന്‍ കുരിശ്, ഏറ്റുമാനൂര്‍ സ്‌റ്റേഷനുകളില്‍ മോഷണ കേസും നിലവിലുണ്ട്. കഴിഞ്ഞ 23നു പുലര്‍ച്ചെയായിരുന്നു സംഭവം.തുടര്‍ന്നു പോലീസെത്തി മോഷണം പോയ ആഭരണങ്ങള്‍ കണ്ടെടുത്തു. ഭാര്യയും മക്കളും യൂറോപ്പിലാണെന്നും അടുത്ത മാസം നാട്ടിലെത്തുമെന്നും അവര്‍ക്ക് വേണ്ടിയാണു മുറി എടുക്കുന്നതെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്.
ഇന്നലെ വീട് വാടകയ്‌ക്ക് എടുത്തയുടനെ വീട്ടു സാധനങ്ങള്‍ വാങ്ങി. തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ ഈരാറ്റുപേട്ടയില്‍ നിന്ന് കളമശേരിയിലെത്തി ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എടുത്തു മുങ്ങാനായിരുന്നു ഉദ്ദേശം.എറണാകുളം അസി. കമ്മിഷണര്‍ ലാല്‍ജി, സി.ഐമാരായ സിബി ടോം, അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേരാനെല്ലൂര്‍ എസ്.ഐ. രൂപേഷ്, എറണാകുളം നോര്‍ത്ത് എ.എസ്.ഐ. വിനോദ് കൃഷ്‌ണ, സി.പി.ഒ. അജിലേഷ്, സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ ഇഗ്‌നേഷിയസ്, അനീഷ് ചേരാനെല്ലൂര്‍ സ്‌റ്റേഷനിലെ അനീഷ്, പ്രശാന്ത് ബാബു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇയാളെ കോവിഡ് ടെസ്‌റ്റ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.