തെന്മല :അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലേക്കും ബംഗലൂരുവിലേക്കും മറ്റും വാഹനങ്ങളില്‍ പോകുന്ന രാത്രി യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്.ഗ്രാനൈറ്റ് വാങ്ങുന്നതിനായി ബെംഗളൂരുവില്‍ പോയ സംഘത്തിന്റെ കാറിന് അള്ളുവച്ച് ടയര്‍ പഞ്ചറാക്കിയെന്നു പരാതിയെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടയര്‍ പഞ്ചറായതറിയാതെ സഞ്ചരിച്ച കാര്‍ വന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തെന്മലയില്‍ നിന്നു പോയ 6 അംഗസംഘമാണ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നു.
19ന് രാത്രി 9.30ന് ഹൊസൂരിന് സമീപത്തെ ഹോട്ടലില്‍ ആഹാരം കഴിക്കാനായി നിര്‍ത്തി. ഭക്ഷണശേഷം അന്നുതന്നെ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ലക്ഷ്യം.എന്നാല്‍ ഡ്രൈവര്‍ക്ക് ഉറക്കം വരുന്നെന്ന് അറിയിച്ചതോടെ അന്ന് ഹോട്ടലില്‍ തങ്ങുകയായിരുന്നു. ആഹാരം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ കാറില്‍ നിന്നു ലഗേജുകളൊന്നും എടുത്തിരുന്നില്ല. ആഹാരത്തിനു ശേഷം യാത്ര തുടരുമെന്നു കരുതി മോഷ്ടാക്കള്‍ കാറിന്റെ പിന്‍ ചക്രത്തില്‍ അള്ളുവയ്ക്കുകയായിരുന്നു എന്നാണ് സംശയം. അടുത്ത ദിവസം രാവിലെ ഹോട്ടലില്‍ നിന്നു 10 കിലോ മീറ്റര്‍ ദൂരം പോയപ്പോള്‍ വന്‍ശബ്ദത്തോടെ കാര്‍ ഒരു വശത്തേക്ക് മറിയാന്‍ തുടങ്ങി. ഉടന്‍ കാര്‍ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. തൊട്ടടുത്ത ടയര്‍ കടയില്‍ നിന്നു ആളെത്തിയാണ് ടയര്‍ മാറ്റിയിട്ടത്.
പഞ്ചര്‍ കടക്കാരനാണ് ടയറില്‍ അള്ള് വച്ചതു കാട്ടിക്കൊടുത്തത്. തലേന്ന് രാത്രിയില്‍ ഹോട്ടലില്‍ തങ്ങാതെ കാര്‍ ഓടിച്ചു പോകുമെന്ന വിശ്വാസത്തിലാവാം കാറിനു അള്ളുവെച്ചത്. ഇങ്ങനെ ഓടിച്ചുപോയി അപകടം സംഭവിച്ചാല്‍ അള്ളുവെച്ച സംഘം പിന്‍തുടര്‍ന്നെത്തി രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെക്കുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു. ഗ്രാനൈറ്റ് എടുക്കാനായി പോയതിനാല്‍ 5 ലക്ഷം രൂപയോളം കാറിലുണ്ടായിരുന്നു.
രാത്രിയാത്രയില്‍ മനഃപൂര്‍വം അപകടം ഉണ്ടാക്കി പണം തട്ടുന്ന സംഘം തമിഴ്നാട് ദേശീയപാതകളില്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്. കുടുംബമായെത്തുന്നവരെയാണ് കൊള്ള സംഘങ്ങള്‍ ലക്ഷ്യം വച്ചിരുന്നത്. അള്ളുവെച്ച വാഹനത്തെ പിന്തുടര്‍ന്നെത്തുന്ന കൊള്ള സംഘം അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്തും. ഈ സമയം വാഹനത്തിലെ പണവും സ്വര്‍ണവുമെല്ലാം കവര്‍ന്നിരിക്കും. നാട്ടുകാര്‍ എത്തുന്നതിനു മുന്‍പുതന്നെ പരുക്കുപറ്റിയവരെ ആശുപത്രിയിലും എത്തിക്കും.
തമിഴ്നാട്ടിലെ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഹോട്ടലില്‍ മുറി എടുക്കുന്നതിനും മുന്‍പ് പരിസരം വീക്ഷിക്കുക. പട്ടണങ്ങളില്‍ മുറി എടുക്കുന്നതാകും ഉചിതം. യാത്രകളില്‍ ആഭരണങ്ങള്‍ പരമാവധി ഒഴിവാക്കുക. തമിഴ്നാട് യാത്രയില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് പകല്‍ സമയങ്ങളില്‍ ആക്കുക(പമ്പിന്റെ പരിസരങ്ങളില്‍ വാഹനത്തിലുള്ളവരെ നിരീക്ഷിക്കാന്‍ ആളുണ്ടാകാന്‍ സാധ്യതയുണ്ട്). പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഗൂഗിള്‍ മാപ്പ് മാത്രം നോക്കി യാത്ര അരുത്. സംശയനിവാരണം പൊലീസുകാരോട് മാത്രമാക്കുക.