തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നേരത്തെ ഫീസ് അടച്ചവർ നൽകിയ അധിക തുക തിരിച്ചു കിട്ടുമോ എന്ന ചോദ്യമുയർന്നിരുന്നു. ഇതിൽ വ്യക്തത വരുത്തി മന്ത്രി എം.ബി. രാജേഷ്. ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുമെന്നും ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനൽകുമെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.കെ സ്മാർട്ട് വഴിയും ഐ.എൽ.ജി.എം.എസ്. വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസങ്ങളിൽ പെർമിറ്റ് ഫീസടച്ച ചിലർ ഈ ചോദ്യം നവമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്, ചോദ്യം ന്യായമാണ്. ആ കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ വീഡിയോ. അതിനൊപ്പം തന്നെ തെറ്റിദ്ധാരണ പരത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന ചിലർക്കും ഈ മറുപടി അനിവാര്യമാണ്. ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും എന്ന കാര്യം വ്യക്തമാക്കട്ടെ.
ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനൽകുക തന്നെ ചെയ്യും. ഇതിന് കെ സ്മാർട്ട് വഴിയും ഐ എൽ ജി എം എസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും.
പണം ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.