ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇടക്കാല ബജറ്റാണ് ധനമന്ത്രി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് ബജറ്റ് ആണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വളരെ കുറച്ച് പ്രഖ്യാപനങ്ങളാണ് ഇന്ന് മന്ത്രി നടത്തിയത്.
ധനമന്ത്രി എന്ന നിലയിലുള്ള അവരുടെ ആറാമത്തെ ബജറ്റായിരുന്നു ഇത്. എല്ലാ തവണയും ബജറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊക്കെ ഇനങ്ങള്‍ക്ക് വില കൂടും എന്നും വില കുറയും എന്ന് അറിയാന്‍ ആകാംക്ഷയുണ്ടായിരിക്കും. പ്രത്യേകിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ. എന്നാല്‍ ഇന്നത്തെ ബജറ്റ് പ്രസംഗത്തില്‍ അത്തരം ഒരു പ്രഖ്യാപനവും ധനമന്ത്രി നടത്തിയിട്ടില്ല.
ഇടക്കാല ബജറ്റായതിനാല്‍ തന്നെ വരും മാസങ്ങളിലേക്കുള്ള ചെലവ് വരവ് കണക്കുകളെ സന്തുലിതമാക്കുന്നതായിരിക്കും പ്രഖ്യാപനങ്ങള്‍. അതിനാല്‍ തന്നെ 2023 ലെ വിലയില്‍ തന്നെ ഈ വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് വരെ സാധനങ്ങള്‍ ലഭിക്കും എന്ന് സാരം. ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബജറ്റുകളില്‍ ഏതൊക്കെ സാധനങ്ങള്‍ക്കായി വില കുറഞ്ഞതും വില കൂടിയതും എന്ന് നോക്കാം.
2023-2024 ബജറ്റ്
വില കുറഞ്ഞത്: ടിവികള്‍, സ്മാര്‍ട്ട്ഫോണുകള്‍, കംപ്രസ് ചെയ്ത വാതകം, ചെമ്മീന്‍ തീറ്റ, വജ്രങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ലിഥിയം അയണ്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്രങ്ങള്‍
വില കൂടിയത്: സിഗരറ്റ്, സൈക്കിളുകള്‍, അനുകരണ ആഭരണങ്ങള്‍, വിമാനയാത്ര, ഇലക്ട്രിക് ചിമ്മിനി, ചെമ്പ് സ്‌ക്രാപ്പ്, തുണിത്തരങ്ങള്‍
2022-2023 ബജറ്റ്
വിലകുറഞ്ഞത്: അനുകരണ ആഭരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, വെട്ടി മിനുക്കിയ വജ്രങ്ങള്‍, രത്‌നങ്ങള്‍
വില കൂടിയത്: കുടകള്‍, ഇറക്കുമതി ചെയ്ത വസ്തുക്കള്‍, കലര്‍ത്താത്ത ഇന്ധനം, ചോക്ലേറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ബഡുകള്‍
2021-2022 ബജറ്റ്
വില കുറഞ്ഞത്: സ്വര്‍ണ്ണം, വെള്ളി, തുകല്‍ ഉല്‍പ്പന്നങ്ങള്‍, നൈലോണ്‍ വസ്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക്, ചെമ്പ് എന്നിവകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍
വില കൂടിയത്: സോളാര്‍ സെല്ലുകള്‍, മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ഇറക്കുമതി ചെയ്ത രത്‌നങ്ങളും വിലയേറിയ കല്ലുകളും, ഇറക്കുമതി ചെയ്ത എസി, ഫ്രിഡ്ജ് കംപ്രസ്സറുകള്‍, ഇറക്കുമതി ചെയ്ത ഓട്ടോ ഭാഗങ്ങള്‍.
2020-2021 ബജറ്റ്
വില കുറഞ്ഞത്: അസംസ്‌കൃത പഞ്ചസാര, സ്‌കിംഡ് പാല്‍, സോയ ഫൈബര്‍, സോയ പ്രോട്ടീന്‍, ചില ലഹരിപാനീയങ്ങള്‍, കാര്‍ഷിക-മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍, ന്യൂസ് പ്രിന്റ് ഇറക്കുമതി, ഭാരം കുറഞ്ഞതും പൊതിഞ്ഞതുമായ പേപ്പര്‍, ശുദ്ധീകരിച്ച ടെറഫ്താലിക് ആസിഡ്.
വില കൂടിയത്: മെഡിക്കല്‍ ഉപകരണങ്ങള്‍, പാദരക്ഷകള്‍, ഫര്‍ണിച്ചറുകള്‍, വാള്‍ ഫാനുകള്‍, സിഗരറ്റുകള്‍, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ ഇരുമ്പ്, ഉരുക്ക്, ചെമ്പ്
2019-2020 ബജറ്റ്
വിലകുറഞ്ഞത്: ബജറ്റ് വീടുകള്‍, സെറ്റ്-ടോപ്പ് ബോക്‌സുകള്‍, ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍, ക്യാമറ മൊഡ്യൂളുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, കൃത്രിമ വൃക്കകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കള്‍, ഇറക്കുമതി ചെയ്ത കമ്പിളി നാരുകള്‍, കമ്പിളി ടോപ്പുകള്‍ .
വില കൂടിയത്: പെട്രോള്‍, ഡീസല്‍, പ്രതിവര്‍ഷം ഒരു കോടി രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കല്‍, പൂര്‍ണമായും ഇറക്കുമതി ചെയ്ത കാറുകള്‍, സ്പ്ലിറ്റ് എസികള്‍, സിഗരറ്റുകള്‍, ഹുക്ക, ച്യൂയിംഗ് പുകയില ഉല്‍പന്നങ്ങള്‍, ഇറക്കുമതി ചെയ്ത വാഹന ഭാഗങ്ങള്‍, ഇറക്കുമതി ചെയ്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, ഇറക്കുമതി ചെയ്ത സ്വര്‍ണം, മറ്റ് വിലയേറിയ ലോഹങ്ങള്‍, ഇറക്കുമതി ചെയ്ത പേപ്പര്‍ അച്ചടിച്ച പുസ്തകങ്ങള്‍, ഇറക്കുമതി ചെയ്ത പ്ലഗുകള്‍, സോക്കറ്റുകള്‍, സ്വിച്ചുകള്‍, സിസിടിവി ക്യാമറകള്‍, ഉച്ചഭാഷിണികള്‍