ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ 2021-22 ബഡ്ജറ്റ് അവതരണം ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണം.
ലോക്ക്ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകരമായി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു. ഈ പതിറ്റാണ്ടിലെ ആദ്യത്തെ ബഡ്ജാറ്റാണിത്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്ജറ്റാണിത്. സാമ്പത്തികരംഗത്തെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനായി. കൊവിഡ് കേസുകള്‍ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക അനുവദിച്ചു. 64,180 കോടിയുടെ പുതിയ പാക്കേജ്. ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും.