വരുന്നു ബിഎസ്എന്‍എല്ലിൽ VoWi-fi സേവനവും; പ്രത്യേകൾ ഇങ്ങനെ

മുംബൈ: സ്വകാര്യ കമ്പനികളുമായി മത്സരിക്കാന്‍ തങ്ങളുടെ സേവനങ്ങല്‍ അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). ബിഎസ്എന്‍എല്‍ ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത പ്രധാന സേവനങ്ങളിലൊന്നാണ് വോവൈ-ഫൈ. വോയ്സ് ഓവര്‍ വൈ-ഫൈ കോളിംഗ് അല്ലെങ്കില്‍ വൈ-ഫൈ കോളിംഗ് എന്നാണ് വോ വൈ-ഫൈ അര്‍ത്ഥമാക്കുന്നത്.

ഇന്ന് വിപണിയില്‍ പുറത്തിറങ്ങുന്ന മിക്ക ഉപകരണങ്ങളിലും വൈഫൈ കോളിങ് സേവനമുണ്ട്. ഉപയോക്താക്കള്‍ക്ക് വീടിനുള്ളില്‍ ആയിരിക്കുമ്പോള്‍ (നല്ല വൈ-ഫൈ നെറ്റ്​വർക്കിലേക്ക് കണക്റ്റുചെയ്തിട്ടുണ്ടെങ്കില്‍) വ്യക്തമായ വോയ്സ് കോളിംഗ് അനുഭവം ലഭിക്കാന്‍ വോയ്സ്-ഫൈ സേവനം അനുവദിക്കുന്നു. ടവറുകളില്‍ നിന്നുള്ള സിഗ്നലിനെ മാത്രം ആശ്രയിച്ച് കെട്ടിടങ്ങള്‍ക്കുള്ളില്‍ തടസമില്ലാത്ത വോയ്‌സ് കോളിങ് അനുഭവം ലഭ്യമാക്കുന്നതിലെ തടസങ്ങള്‍ ഇതുവഴി ഇല്ലാതാവും.

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് താമസിയാതെ വോ വൈ-ഫൈ സേവനം ആരംഭിക്കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം സേവനദാതാക്കളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരെല്ലാം നേരത്തെ തന്നെ വൈഫൈ കോളിങ് സേവനം നല്‍കിവരുന്നുണ്ട്. നിലവില്‍ രണ്ട് സോണുകളില്‍ ഇതിന്റെ പ്രാരംഭ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) റോബര്‍ട്ട് ജെറാര്‍ഡ് രവിയെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു. 4ജി സിം ഉണ്ടെങ്കിലും ഇല്ലെങ്കിലും വോവൈ-ഫൈ കോളുകള്‍ വിളിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

വോവൈ-ഫൈ സേവനത്തിന് ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഇടാക്കില്ല. ഈ സേവനം ഓണ്‍ ആക്കി വെക്കണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ താത്പര്യമാണ്. പലരും ഇത് പ്രയോജനപ്പെടുത്താറില്ല എന്നതാണ് ശ്രദ്ധേയം.

മൊബൈല്‍ സിഗ്‌നല്‍ ദുര്‍ബലമായ (weak) സ്ഥലങ്ങളില്‍ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സാധാരണ ഫോണ്‍ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയും. നിങ്ങളുടെ ഫോണ്‍ വീട്ടിലെയോ ഓഫീസിലേയോ മറ്റോ ഒരു വൈഫൈ നെറ്റ്​വര്‍ക്കുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഫോണ്‍ കോളുകള്‍ മൊബൈല്‍ ടവറുകളിലൂടെ പോകുന്നതിനു പകരം, ആ വൈഫൈ വഴി ഇന്റര്‍നെറ്റിലൂടെ പോകുന്നു. നിങ്ങളുടെ ശബ്ദം ‘വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍’ (VoIP) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ഡാറ്റാ പാക്കറ്റുകളായി മാറ്റുന്നു.

ഈ ഡാറ്റാ പാക്കറ്റുകള്‍ ഇന്റര്‍നെറ്റ് വഴി നിങ്ങളുടെ മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡറുടെ (ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍ പോലുള്ള) നെറ്റ്​വർക്കിലേക്ക് എത്തുന്നു. അവിടെ നിന്ന് സാധാരണ ഫോണ്‍ കോള്‍ പോലെ അത് റിസീവറിലേക്ക് എത്തുന്നു. ഇതിനെല്ലാം നിങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ നിലവിലുള്ള ഫോണ്‍ നമ്പര്‍ തന്നെയാണ്. ഇതിനായി പ്രത്യേക ആപ്പുകളൊന്നും ആവശ്യമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News