തളിപ്പറമ്പ് : മംഗലാപുരം വെടിവയ്പ്പിനേത്തുടർന്നുള്ള വൻ പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷാ സന്നാഹങ്ങളാേടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാത്രി ഏഴോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉഡുപ്പി എം .പി ശോഭ കരന്ത്‌ലെജെയും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍ കുടം സമര്‍പ്പിച്ച് രാജരാജേശ്വരനെ തൊഴുത യെദിയൂരപ്പ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. കനത്ത പെലീസ് സുരക്ഷയിലായിരുന്നു യെദിയൂരപ്പയുടെ ക്ഷേത്ര ദര്‍ശനം.
ബി.എസ്. യദിയൂരപ്പയ്ക്ക് എതിരെ കണ്ണൂര്‍ കാള്‍ടെക്‌സിലും പഴയങ്ങാടിയിലെ മാടായിക്കാവിലും കരിങ്കൊടി പ്രതിഷേധവും അദ്ദേഹത്തിനെ വണ്ടിയുടെ നേർക്ക് ആക്രമണവും നടന്നു.യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചാണ് കരിങ്കൊടി കാട്ടിയത്. വാഹനത്തില്‍ പ്രവര്‍ത്തകര്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കാരണമാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നു സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്ന് ആരോപണമുണ്ട്.പ്രതിഷേധത്തെ തുടര്‍ന്ന് പഴയങ്ങാടിയില്‍ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.വി സനിലിനെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. രണ്ട് സംഘടനകളില്‍ നിന്നുമായി മറ്റ് നിരവധി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.