അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവം: സീനിയർ അഭിഭാഷകനെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെതിരേ പോലീസ് കേസെടുത്തു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വഞ്ചിയൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ മർദിച്ചത്.

ബെയ്‌ലിൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് ശ്യാമിലിയുടെ പരാതി. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു.

അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി പറയുന്നു. യുവതിയെ ജനല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മുഖത്ത് ചതവുണ്ട്. ബെയ്‌ലിന്‍ ദാസിനെ ഓഫീസിൽ കയറി അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി ജി. മുരളീധരൻ പറഞ്ഞെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

സംഭവത്തിൽ ബെയ്‌ലിന്‍ ദാസിനെ ബാർ അസോസിയേഷനിൽനിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. എന്താണ് നടന്നത് എന്നതിനെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാർ കൗൺസിലിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. തങ്ങൾ ഇരയ്ക്കൊപ്പമാണെന്നും നീതി നേടിക്കൊടുക്കാൻ ഒപ്പം നിൽക്കുമെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News