ഹൈദരാബാദ്: ദേശീയ മോഹങ്ങളോടെ ഭാരതീയ രാഷ്ട്ര സമിതി (ബിആര്‍എസ്) എന്നു പേരുമാറ്റം നടത്തിയ കെ. ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടി വീണ്ടും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ആകാന്‍ ഒരുങ്ങുന്നു. പേരിന്റെ ‘അപ്പീല്‍’ നഷ്ടമായെന്ന തോന്നല്‍ കാരണം പഴയ പേര് തിരിച്ചുപിടിക്കാനുള്ള നിയമവഴികള്‍ തേടുകയാണ് പാര്‍ട്ടി. നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിയാണ് പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നത്.
119 സീറ്റില്‍ 39 എണ്ണം മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതോടെ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും നേതാക്കള്‍ ഒഴുകാന്‍ തുടങ്ങി. എന്‍ഡിഎയിലോ ഇന്ത്യാസഖ്യത്തിലോ ചേരാതെ നിലനില്‍പില്ലെന്ന അവസ്ഥയിലാണ് പാര്‍ട്ടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 17 സീറ്റില്‍ 9 എണ്ണം പാര്‍ട്ടി നേടിയിരുന്നു. ഇത്തവണ ആ വിജയം ആവര്‍ത്തിക്കാനുള്ള ആത്മവിശ്വാസം പാര്‍ട്ടിക്കില്ല.
തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമാക്കിയതിന്റെ പേരിലാണ് പാര്‍ട്ടി അടിത്തറ സൃഷ്ടിച്ചത്. ബിആര്‍എസ് എന്നു പേരുമാറ്റിയതോടെ പാര്‍ട്ടിയുടെ ആത്മാവ് ചോര്‍ന്നുപോയതായാണു കണ്ടെത്തല്‍. ‘തെലങ്കാന എന്നതാണ് ഞങ്ങളുടെ വ്യക്തിത്വം. അതെന്തിന് ഉപേക്ഷിക്കണം?’ പാര്‍ട്ടി നേതാവായ ബി.വിനോദ് കുമാര്‍ ചോദിക്കുന്നു.
കെ. ചന്ദ്രശേഖരറാവുവിനും ഇതേ അഭിപ്രായമാണെന്നാണ് വിവരം. ദേശീയ രാഷ്ട്രീയത്തില്‍ വളരുക എന്ന ലക്ഷ്യത്തോടെ 2022ല്‍ ആണ് പേരില്‍ നിന്ന് തെലങ്കാന മാറ്റി ഭാരത് എന്നു ചേര്‍ത്തത്. പേരുമാറ്റം തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിക്കുകയും ചെയ്തു.
പാര്‍ട്ടി അണികള്‍ തന്നെ തെലങ്കാന എന്ന വാക്ക് ഉപേക്ഷിച്ചത് എന്തുകൊണ്ട് എന്നു ചോദിക്കുന്നുവെന്നാണു നേതൃത്വം പറയുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പേരുമാറ്റം സാധ്യമായേക്കില്ല. നിയമപരമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ സംസ്ഥാനത്ത് ടിആര്‍എസ് എന്നും മറ്റിടങ്ങളില്‍ ബിആര്‍എസും എന്ന് പേരുപയോഗിക്കാനാവുമോ എന്നും പാര്‍ട്ടി പരിശോധിക്കും.