ന്യൂഡൽഹി: ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഐടി വകുപ്പുകൾ ഇന്നു റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി കൂടിയായ എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിനോട് നാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ഡൽഹി സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖ നേതാവിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്ത കവിതയെ ഡൽഹിയിലേക്കു കൊണ്ടുപോകുമെന്നാണ് വിവരം.
ഇന്നു രാവിലെയാണ് കവിതയുടെ വസതിയിൽ ഇ.ഡി, ഐടി വിഭാഗങ്ങൾ സംയുക്ത പരിശോധന ആരംഭിച്ചത്. ഈ വർഷം മാത്രം ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇ.ഡിയും ഐടി വകുപ്പും രണ്ടു തവണ സമൻസ് നൽകിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു രാവിലെ മിന്നൽ പരിശോധന നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സമയത്തുള്ള ഈ അറസ്റ്റ് ബിആർഎസിന് വൻ തിരിച്ചടിയാണ്.
കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
കള്ളപ്പണം വെളിപ്പിച്ചെന്ന് ഉൾപ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.
അരുണിന് 30% പങ്കാളിത്തമുള്ള കമ്പനിയാണ് ഡൽഹി മദ്യവിൽപനയ്ക്കുള്ള ലൈസൻസ് നേടിയത്. കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം യഥാർഥത്തിൽ കവിതയുടേതാണെന്നും അരുണിനെ മുന്നിൽ നിർത്തിയതാണെന്നും ഇഡി സംശയിക്കുന്നു. ലൈസൻസ് ലഭിക്കാൻ 100 കോടി രൂപ ആം ആദ്മി സർക്കാരിന് കവിതയുൾപ്പെട്ട ‘സൗത്ത് ഗ്രൂപ്പ്’ കൈക്കൂലി നൽകിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.