24.4 C
Kottayam
Sunday, May 19, 2024

വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നു;റോബിന്‍ ബസുടമ ഗിരീഷിനെതിരെ പരാതിയുമായി സഹോദരന്‍

Must read

കോട്ടയം: എം വി ഡിയെ വെല്ലുവിളിച്ച് സര്‍വീസ് നടത്തി ശ്രദ്ധ നേടിയ റോബിന്‍ ബസിന്റെ ഉടമ ഗിരീഷിന് എതിരെ പരാതിയുമായി സഹോദരന്‍. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് സഹോദരനായ ബേബി ഡിക്രൂസ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ബേബി ഡിക്രൂസ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതായാണ് വിവരം.

വീട്ടില്‍ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തി എന്നും തന്റെ സ്വത്തുക്കളും വസ്തുക്കളും കൈയടക്കി എന്നുമാണ് ബേബി ഡിക്രൂസ് പരാതിയില്‍ പറയുന്നത്. നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ റോബിന്‍ അനുമതി നിഷേധിച്ചെന്നും ഭീഷണിയും ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നുമാണ് ബേബി ഡിക്രൂസ് കൈരളി ടി വിയോട് പറഞ്ഞത്.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാടക വീടുകളില്‍ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നു എന്നാണ് ബേബി ഡിക്രൂസ് പറയുന്നത്. ഗിരീഷിന്റെ ഭീഷണിയില്‍ നിന്ന് തങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തണം എന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു.

അതിനിടെ റോബിന്‍ ബസ് ഇന്ന് വീണ്ടും എം വി ഡി പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘനം ആരോപിച്ചാണ് നടപടി. ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ എത്തി ബസ് പിടിച്ചെടുത്തത്. ഇത് രണ്ടാം തവണയാണ് റോബിന്‍ ബസ് എം വി ഡി പിടിച്ചെടുക്കുന്നത്.

എം വി ഡിയുടെ നടപടിയെ വെല്ലുവിളിച്ച് കൊണ്ട് നിയമപോരാട്ടം നടത്തിയും സര്‍വീസ് നടത്തിയുമാണ് റോബിന്‍ ബസ് ശ്രദ്ധ നേടുന്നത്. പിന്നീട് ബസ് പിടിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്താല്‍ ബസ് പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്നാണ് എം വി ഡി വ്യക്തമാക്കുന്നത്.

ബസില്‍ നിന്ന് രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം എം വി ഡിയുടെ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണ് എന്നാണ് ബസ് നടത്തിപ്പുകാര്‍ ആരോപിക്കുന്നത്. തമിഴ്‌നാട് എം വി ഡിയും പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിന്‍ ബസ് പിടികൂടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week