InternationalNews

പ്രതിസന്ധികളെ ബ്രിട്ടൻ തരണം ചെയ്യും; ഐക്യവും സുസ്ഥിരതയും അനിവാര്യം: ഋഷി സുനക്

ലണ്ടൻ: രാജ്യം നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്. പ്രഖ്യാപനം വന്നതിനുശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

‘‘മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ആത്മാർഥമായി പ്രവർത്തിച്ചു. അവർക്ക് താൻ ആദരവ് അർപ്പിക്കുകയാണ്. താൻ സ്നേഹിക്കുന്ന പാർട്ടിയേയും രാജ്യത്തേയും സേവിക്കാൻ അവസരം കിട്ടുന്നത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. യുകെ മഹത്തായ രാജ്യമാണ്. എന്നാൽ നമ്മൾ  വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

നമുക്ക് ഐക്യവും സുസ്ഥിരതയും ആവശ്യമാണ്. രാജ്യത്തെ ഒന്നിച്ചുനിർത്തണം. പ്രതിസന്ധികളെയെല്ലാം നമ്മൾ തരണം ചെയ്യും. നമ്മുടെ കുട്ടികൾക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. വിനയത്തോടെയും ആത്മാർഥതോടെയും പ്രവർത്തിക്കും’’- ഋഷി സുനക് പറഞ്ഞു. 

ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് ഇന്ത്യൻ വംശജനായ ഋഷി സുനക്. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ്  പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പിച്ചത്. എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാർഥിയെന്ന നിലയിലാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button