31.1 C
Kottayam
Wednesday, May 8, 2024

വിദ്യാർഥികൾ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിൽ നിയന്ത്രണവുമായി ബ്രിട്ടൻ; ഇന്ത്യക്കാർക്കും തിരിച്ചടി

Must read

ലണ്ടൻ:വിദ്യാർഥി വീസയിലെത്തുന്നവർ പിന്നീട് കുടുംബാംഗങ്ങളെയും ബ്രിട്ടനിലേക്കു കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. വിദ്യാർഥികളായെത്തുന്നവരുടെ ആശ്രിതരായി ജീവിത പങ്കാളിയെയോ മക്കളെയോ മാതാപിതാക്കളെയോ കൊണ്ടുവരുന്നതിനാണ് ബ്രിട്ടിഷ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. പുതിയ ചട്ടമനുസരിച്ച് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കു പഠിക്കുന്നവർക്കു മാത്രമേ ആശ്രിതരെ ബ്രിട്ടനിലേക്കു കൊണ്ടുവരാനാകൂ. ഇതുമായി ബന്ധപ്പെട്ട ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാനാണ് പ്രസ്താവനയിറക്കിയത്.

വിദ്യാർഥികളുടെ ആശ്രിതരായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വൻ വർധനവിന്റെ പശ്ചാത്തലത്തിലാണ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്രിട്ടിഷ് സർക്കാർ നിർബന്ധിതരായതെന്ന് സുവെല്ല ബ്രേവർമാൻ വിശദീകരിച്ചു. 2022ൽ മാത്രം ഇത്തരത്തിൽ 1,36,000 പേർക്കാണ് ബ്രിട്ടിഷ് സർക്കാർ വീസ അനുവദിച്ചത്. 2019ൽ അനുവദിച്ച 16,000 വീസകളുടെ ഏതാണ്ട് എട്ടു മടങ്ങാണിത്.

കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് ബ്രിട്ടിഷ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. നിലവാരം കുറഞ്ഞ കോഴ്സുകള്‍ക്കു ചേര്‍ന്നശേഷം കുടുംബാംഗങ്ങളെക്കൂടി ഒപ്പമെത്തിക്കുന്നത് വര്‍ധിച്ചതായി സർക്കാർ വിലയിരുത്തിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്തതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ കുടിയേറ്റക്കണക്ക്. അതേസമയം, നിയന്ത്രണങ്ങൾ സംബന്ധിച്ച് ക്യാബിനറ്റില്‍ തര്‍ക്കങ്ങള്‍ നിലനിൽക്കുന്നുണ്ടെന്നാണു വിവരം. ചാന്‍സലര്‍ ജെറമി ഹണ്ട്, വിദ്യാഭ്യാസ മന്ത്രി ഗിലിയാന്‍ കീഗാന്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ക്ക് എതിരാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷം കേരളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം, പ്രത്യേകിച്ച് വിദ്യാര്‍ഥി വീസ വഴിയുള്ള കുടിയേറ്റം ഗണ്യമായി വര്‍ധിച്ചിരുന്നു.

അടുത്തിടെ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവരെയും സമാനമായ രീതിയില്‍ കുടിയേറ്റത്തിനു തയാറെടുക്കുന്നവരെയും പുതിയ നീക്കം ബാധിക്കും. പഠനശേഷം രണ്ട് വർഷം ജോലി ചെയ്യാൻ അനുവദിക്കുന്ന പോസ്റ്റ്‌ സ്റ്റഡി വീസയും നിർത്തലാക്കിയേക്കുമെന്നു സൂചനയുണ്ട്. എന്നാൽ പിഎച്ച്ഡി വിദ്യാർഥികൾക്കു നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നാണു വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week