ന്യൂഡല്‍ഹി: തന്നെക്കുറിച്ച് ഒരു മലയാള മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് തീര്‍ത്തും തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. വാര്‍ത്തയുടെ തലക്കെട്ട് തീര്‍ത്തും കെട്ടിച്ചമച്ചതാണെന്നും അത്തരത്തില്‍ ഒരു കാര്യം തന്റെ പുസ്തകത്തില്‍ എഴുതിയിട്ടില്ലെന്നും അവര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മലയാള മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ, എന്നെ ഭാര്യ മാത്രമാക്കി എന്ന തലക്കെട്ട് തലക്കെട്ട് തീര്‍ത്തും കെട്ടിച്ചമച്ചതാണ്. ഞാന്‍ പറഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തയില്‍ എടുത്ത് പറഞ്ഞിരിക്കുന്ന ഭാഗം എന്റേതല്ല. പുസ്തകത്തില്‍ അങ്ങനെ ഞാനെഴുതിയിട്ടില്ല. വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ അതിന്, ഇത്തരത്തില്‍ ഒരു തലക്കെട്ട് കൊടുക്കുന്നത് ധാര്‍മ്മികമാണെന്ന് ഞാന്‍ കരുതുന്നില്ല. വാര്‍ത്തയ്ക്കുള്ളില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ മുഴുവന്‍ വാര്‍ത്തയും വായിച്ചിട്ടില്ല- ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ബൃന്ദാ കാരാട്ട് തന്റെ പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരേ സംസാരിച്ചു എന്നതരത്തില്‍ വാര്‍ത്ത വന്നിരുന്നു. പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി ഒതുക്കിയെന്നും സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ലെന്നും പുസ്തകത്തില്‍ ബൃന്ദ വ്യക്തമാക്കുന്നുണ്ടെന്ന തരത്തിലായിരുന്നു
വാര്‍ത്ത. ഇതില്‍ വിശദീകരണം നല്‍കുകയായിരുന്നു അവര്‍. പുസ്തകം പൊതുഇടത്തില്‍ ലഭ്യമാണെന്നും ആര്‍ക്കുവേണമെങ്കിലും വായിച്ചു നോക്കാമെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.