മുംബൈ: സ്വദേശിനിയും സിനിമാ നിര്‍മാതാവുമായ നിധി പര്‍മര്‍ ഹിരനന്ദനി എന്ന യുവതി മുലപ്പാല്‍ ദാനം ചെയ്ത് മാതൃത്വത്തിന്റെ വില തെളിയിച്ചിരിക്കുകയാണ്.ലോക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പ് ഫെബ്രുവരിയിലായിരുന്നു നിധി ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇതിനകം നാല്‍പത് ലിറ്ററിന് മുകളില്‍ മുലപാലാണ് നിധി ദാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രചോദനം എന്താണെന്ന് ചോദിച്ചാല്‍ അതിനുമൊരു കഥയുണ്ടെന്ന് പറയുകയാണ് നിധിയിപ്പോള്‍.
നാല്‍പത്തിരണ്ട് വയസുകാരിയായ നിധി സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം തന്നെ മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ പാല്‍ ഫ്രീസര്‍ നിറഞ്ഞ് തുടങ്ങിയതോടെയാണ് ബാക്കിയുള്ള പാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചത്. മൂന്ന്മാസം വരെ മാത്രമേ ഫ്രീസറില്‍ പാല്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ പറ്റുകയുള്ളു എന്ന് പലയിടത്തും കണ്ടിരുന്നു. 150 മില്ലിയോളം പാല്‍ ശേഖരിച്ച മൂന്ന് പാക്കറ്റുകളും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. വൈകാതെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ഇതേ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവ ഫേസ്പാക് തയ്യാറാക്കാന്‍ ഉപയോഗിക്കാം എന്നും കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തോളൂ എന്നും വലിച്ചെറിയുക മാത്രമേ വഴിയുള്ളു എന്നുമൊക്കെയാണ് മറുപടികള്‍ വന്നത്.