ദോഹ: കൊറിയന്‍ സ്വപ്‌നങ്ങളെ വലിച്ചുകീറി കാനറികള്‍ 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പറന്നുയര്‍ന്നു. അതും ഗോളടിച്ചുകൂട്ടിക്കൊണ്ട്. കാമറൂണിനെതിരേ അടിതെറ്റിയപ്പോള്‍ തലപൊക്കിയ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ടിറ്റെയുടെ കുട്ടികള്‍ ഫുട്‌ബോളിന്റെ മനോഹാരിത ലോകത്തിന് കാട്ടിക്കൊടുത്തു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ അവസാന എട്ടിലെത്തിയത്. അട്ടിമറി സ്വപ്‌നവുമായി എത്തിയ കൊറിയയെ ബ്രസീല്‍ നിലം തൊടാന്‍ അനുവദിച്ചില്ല. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍.
സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതിന്റെ ആവേശം മത്സരത്തിന്റെ തുടക്കം തൊട്ട് ബ്രസീല്‍ ക്യാമ്പിലുയര്‍ന്നു. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും കീഴ്‌പ്പെടാതെയാണ് ബ്രസീല്‍ പന്തുതട്ടിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രസീലും ദക്ഷിണ കൊറിയയും ആക്രമിച്ച് കളിച്ചു. ഏഴാം മിനിറ്റില്‍ തന്നെ മഞ്ഞപ്പട മുന്നിലെത്തി. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. റാഫീന്യയുടെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ നിന്നാണ് ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്ന് പന്തുമായി കുതിച്ച റാഫീന്യ നല്‍കിയ ക്രോസ് റിച്ചാര്‍ലിസണ് കണക്റ്റ് ചെയ്യാനായില്ലെങ്കിലും അതെത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന വിനീഷ്യസിന്റെ കാലിലാണ്. കിട്ടിയ അവസരം മുതലെടുത്ത വിനീഷ്യസ് തകര്‍പ്പന്‍ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു.
പിന്നാലെ ബ്രസീല്‍ വീണ്ടും ഗോളടിച്ചു. ഇത്തവണ സൂപ്പര്‍താരം നെയ്മറാണ് കാനറികള്‍ക്കായി ഗോളടിച്ചത്. റിച്ചാര്‍ലിസണെ ബോക്‌സിനുള്ളില്‍ വെച്ച് ജങ് വോയങ് വീഴ്ത്തിയതിനെത്തുര്‍ന്ന് റഫറി ബ്രസീലിന് പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത നെയ്മറിന് തെറ്റിയില്ല. ഗോള്‍കീപ്പറെ കബിളിപ്പിച്ച് സ്വതസിദ്ധമായ ശൈലിയില്‍ നെയ്മര്‍ വലകുലുക്കി. ഇതോടെ ആദ്യ 13 മിനിറ്റില്‍ തന്നെ ബ്രസീല്‍ 2-0 ന് മുന്നിലെത്തി.
രണ്ട് ഗോള്‍ വഴങ്ങിയതോടെ കൊറിയ ആക്രമണം ശക്തിപ്പെടുത്തി. 16-ാം മിനിറ്റില്‍ കൊറിയയുടെ ഹവാങ് ഹീ ചാന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ അത്ഭുതകരമായി ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ്‍ തട്ടിയകറ്റി.
എന്നാല്‍ രണ്ട് ഗോളടിച്ചിട്ടും ബ്രസീലിന്റെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞില്ല. 29-ാം മിനിറ്റില്‍ അവര്‍ വീണ്ടും വലകുലുക്കി. ഇത്തവണ റിച്ചാര്‍ലിസണാണ് ബ്രസീലിനായി വലകുലുക്കിയത്. മികച്ച ടീം ഗെയിമിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. നീക്കത്തിന് തുടക്കമിട്ടത് റിച്ചാര്‍ലിസണാണ്. പന്ത് കാലില്‍ തട്ടിത്തട്ടി പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ച റിച്ചാര്‍ലിസണ്‍ അത് മാര്‍ക്വിനോസിന് നല്‍കി മുന്നോട്ട് കുതിച്ചു. ഈ സമയം മാര്‍ക്വിനോസ് പന്ത് തിയാഗോ സില്‍വയ്ക്ക് കൈമാറി. സില്‍വ റിച്ചാര്‍ലിസണിലേക്ക് പന്ത് നീട്ടിനല്‍കി. പന്ത് സ്വീകരിച്ച റിച്ചാര്‍ലിസണ്‍ അനായാസം ലക്ഷ്യം കണ്ട് കാനറികളുടെ ലീഡുയര്‍ത്തി. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്നായി റിച്ചാര്‍ലിസണ്‍ നേടുന്ന 10-ാം ഗോളാണിത്.
മൂന്നാം ഗോള്‍ വഴങ്ങിയതിന്റെ ആഘാതം കെട്ടടങ്ങും മുന്‍പ് ബ്രസീല്‍ വീണ്ടും വെടിപൊട്ടിച്ചു. ഇത്തവണ ലൂക്കാസ് പക്വെറ്റയാണ് കാനറികള്‍ക്കായി വലകുലുക്കിയത്. 36-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ പക്വെറ്റ വലയിലെത്തിച്ചു. ഇതോടെ മഞ്ഞപ്പട ആഘോഷത്തിമിര്‍പ്പിലായി. ഓരോ ഗോള്‍ അടിക്കുന്ന സമയത്തും എല്ലാ ടീം അംഗങ്ങളും പരിശീലകനും ചേര്‍ന്ന് അത് നൃത്തച്ചുവടുകളിലൂടെ ആഘോഷമാക്കി.
നാല് ഗോളടിച്ചിട്ടും ബ്രസീല്‍ മുന്നേറ്റനിരയുടെ ആക്രമണങ്ങള്‍ക്ക് ഒരു കുറവും വന്നില്ല. ആദ്യപകുതിയലുടനീളം അവര്‍ ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ റിച്ചാര്‍ലിസണ്‍ സുവര്‍ണാവസരം പാഴാക്കി പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊറിയയ്ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. സൂപ്പര്‍താരം സണ്‍ ഹ്യുങ് മിന്‍ പന്തുമായി മുന്നേറി ഷോട്ടുതിര്‍ത്തെങ്കിലും അലിസണ്‍ വിരല്‍ത്തുമ്പിനാല്‍ അത് രക്ഷപ്പെടുത്തിയെടുത്തു. 55-ാം മിനിറ്റില്‍ അതിമനോഹരമായ ഡ്രിബിളിങ്ങുമായി മുന്നേറിയ റാഫീന്യ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ കിം അത് ഒരുവിധം രക്ഷപ്പെടുത്തിയെടുത്തു. രണ്ടാം പകുതിയില്‍ ബ്രസീല്‍ നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്.
68-ാം മിനിറ്റില്‍ കൊറിയയ്ക്ക് ഒന്നിലേറെ അവസരങ്ങള്‍ ഒരുമിച്ച് വന്നിട്ടും അലിസണ്‍ ബ്രസീലിന്റെ രക്ഷകനായി. എന്നാല്‍ 76-ാം മിനിറ്റില്‍ പകരക്കാരനായി വന്ന പൈക് സിയുങ് ഹോയുടെ വെടിയുണ്ട കണക്കെയുള്ള തീതുപ്പുന്ന ഷോട്ട് ബ്രസീല്‍ ഗോള്‍വല തുളച്ചു. ബോക്‌സിന് പുറത്തുവെച്ച് പൈക് തൊടുത്ത ഉഗ്രന്‍ ഷോട്ട് അലിസണ് തടയാനായില്ല. ഈ ലോകകപ്പില്‍ അലിസണ്‍ വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയാണിത്.
പിന്നാലെ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ ഗോള്‍വല കുലുക്കാന്‍ കൊറിയയ്ക്ക് സാധിച്ചില്ല. ഇതോടെ മത്സരം അനായാസം ബ്രസീല്‍ സ്വന്തമാക്കി.