കൊച്ചി: എറണാകുളം കളമശ്ശേരി എച്ച്.എം.ടി. കവലയിലെ വ്യാപാര സമുച്ചയത്തിൽ പോലീസിന്റെ പേരിൽ വ്യാജ നോട്ടീസ്. എച്ച്.എം.ടി. കവലയിൽ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്റെ സമീപത്തെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നു മുകളിലേക്കുള്ള ഗോവണിപ്പടിയുടെ ഇരുവശത്തുമുള്ള ഭിത്തികളിലാണ് ഒരേ രീതിയിലുള്ള രണ്ട് നോട്ടീസുകൾ പതിച്ചിട്ടുള്ളത്.
‘കടകളിലും പരിസരത്തും ആൺകുട്ടികളും പെൺകുട്ടികളും അനാവശ്യമായി വന്നിരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ചേഷ്ടകളും പ്രവൃത്തികളും മറ്റും കാണിക്കുന്നതായി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രവൃത്തികൾ പൊതുസ്ഥലത്തു തുടർന്നും ആവർത്തിക്കുകയാണെങ്കിൽ കേരള പോലീസ് ആക്ട് നിയമപ്രകാരം സ്വമേധയാ കേസെടുക്കുന്നതാണെന്നുള്ള മുന്നറിയിപ്പ് നൽകുന്നു’- ഇതാണ് നോട്ടീസിൽ ഉള്ളത്. ഇതിനടിയിലായി കളമശ്ശേരി പോലീസ് സ്റ്റേഷൻ എന്ന് എഴുതിയിട്ടുണ്ട്. കളമശ്ശേരി പോലീസ് സ്റ്റേഷന്റെ സീലും പതിച്ചിട്ടുണ്ട്. തീയതിയില്ല.
വ്യാപാര സമുച്ചയത്തിൽ പോലീസിന്റെ പേരിൽ പതിച്ചിട്ടുള്ള നോട്ടീസ് വ്യാജമാണെന്ന് കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ വിദ്യാർഥികളെക്കുറിച്ച് ഇത്തരത്തിൽ പരാതി ലഭിച്ചിട്ടില്ല. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള മേഖലയാണെങ്കിലും ഇതുപോലൊരു നോട്ടീസ് പതിക്കാനുള്ള സാഹചര്യം കളമശ്ശേരിയിലെ ഒരു സ്ഥലത്തും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
2019-ൽ ഇതുപോലൊരു നോട്ടീസ് പതിച്ചത് ശ്രദ്ധയിൽപെട്ടിരുന്നതായി ഒരു സിവിൽ പോലീസ് ഓഫീസർ പറഞ്ഞു. അതിന്റെ കോപ്പി തന്നെയാണോ ഇതെന്നും ഇദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും അത് പ്രചരിപ്പിക്കരുതെന്നും കളമശ്ശേരി പോലീസ് നിർദേശം നൽകിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ നെഷീദ സലാം പറഞ്ഞു.