എറണാകുളത്തെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി; പരീക്ഷയ്ക്കായി രാവിലെ വീട്ടില്‍ നിന്നും പോയ കുട്ടി രാത്രി വൈകിയും തിരിച്ചെത്തിയില്ല; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലിസ്

കൊച്ചി: എറണാകുളം കടവന്ത്രയില്‍ 13കാരനെ കാണാനില്ലെന്ന് പരാതി. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. രാവിലെ പരീക്ഷയെഴുതാന്‍ പോയ കുട്ടി രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പൊലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ഊര്‍ജിതമാക്കി. നഗരത്തിലുടനീളം തിരച്ചില്‍ നടത്തി. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സ്‌കൂള്‍ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോള്‍ ചെറിയ ബ്ലാക്ക് കളര്‍ ഷോള്‍ഡര്‍ ബാഗ് ധരിച്ചിരുന്നു. കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. കൊച്ചു കടവന്ത്ര കസ്തൂര്‍ബ നഗറിലെ വീട്ടില്‍ നിന്നു രാവിലെ എട്ടിനു കുട്ടി സ്‌കൂളില്‍ സേ പരീക്ഷയെഴുതാന്‍ പോയിരുന്നു.

സ്‌കൂളിലെത്തി പരീക്ഷയില്‍ പങ്കെടുത്തെങ്കിലും ഒന്‍പതരയോടെ പരീക്ഷാ ഹാള്‍ വിട്ടിറങ്ങി. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുന്‍പു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു.

തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു സംശയിച്ചെങ്കിലും അവിടെ എത്തിയതായി വിവരം ലഭിച്ചിട്ടില്ലെന്നു പിതാവ് പറഞ്ഞു. എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പറും ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇടപ്പള്ളി ലുലു മാളിന് പിന്‍ഭാഗത്ത് കൂടി എന്‍എച്ച് 17 റോഡിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ മാളിന് ഉള്ളില്‍ കുട്ടി ഇല്ലെന്ന് ലുലുമാള്‍ അധികൃതര്‍ അറിയിച്ചു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസ് സ്റ്റേഷനിലോ 9633020444 എന്ന നമ്പറിലോ ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News