ബോക്സർ ആന്തണി ജോഷ്വയുടെ കാർ അപകടത്തിൽപ്പെട്ടു ; രണ്ട് പേർ മരിച്ചു, ദൃശ്യങ്ങൾ പുറത്ത്

ലഗോസ്: മുൻ ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യൻ ആന്തണി ജോഷ്വക്ക് കാർ അപകടത്തിൽ പരിക്ക്. നൈജീരിയയിലെ ലഗോസ്-ഇബാദാൻ എക്‌സ്പ്രസ്സ്‌സ് വേയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കാർ അപകടത്തിൽ രണ്ട് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ജോഷ്വ സഞ്ചരിച്ച വാഹനം അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ റോഡരികിൽ നിർത്തിയിട്ട ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടാവുന്നത്. അപകടത്തിൽപ്പെട്ട കാറിന്റെ പിൻസീറ്റിലാണ് ജോഷ്വ ഉണ്ടായിരുന്നത്. ജോഷ്വയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. അപകടത്തിന് പിന്നാലെ കാറിൽ നിന്ന് ബോക്‌സറെ പുറത്തെത്തിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ താരം വേദന കൊണ്ട് പുളയുന്നതും ദൃശ്യങ്ങളിൽ കാണാം. 

ബോക്‌സിങ് റിങ്ങിലേക്ക് മടങ്ങിയെത്തി ദിവസങ്ങൾ മാത്രം കഴിയുമ്പോഴാണ് അപകടം. ഒൻപത് ദിവസങ്ങൾക്ക് മുൻപ് മുൻ യൂട്യൂബർ കൂടിയായ ബോക്‌സർ ജേക്ക് പോളിനെ ജോഷ്വ പരാജയപ്പെടുത്തിയിരുന്നു. ബോക്‌സിങ് റിങ്ങിൽ വീണ്ടും സജീവമാകാനൊരുങ്ങുമ്പോഴാണ് താരത്തിന് അപകടത്തിൽ പരിക്കേൽക്കുന്നത്. പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News