ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിലെ യാങ്സിയിൽ ഇന്ത്യ–ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടാകുന്നതിനു മുൻപ് ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച പലതവണയായി വ്യോമാതിർത്തി ലംഘനമുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ മേഖലയിൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ ഇന്ത്യൻ സേന നിർബന്ധിതരായെന്നാണ് വിവരം.
ചൈനയുടെ വ്യോമാതിർത്തി ലംഘനം തടയാൻ അതിർത്തിയിൽ ഇന്ത്യ എയർ പട്രോളിങ് ശക്തമാക്കിയെന്നും വ്യോമസേനാ അധികൃതർ അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശത്തെ നിയമന്ത്രണമേഖലയിൽ ചൈനീസ് ഡ്രോണുകളുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ അത് തടയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിലും നിരവധി തവണ യുദ്ധവിമാനങ്ങൾ വ്യോമസേന തയാറാക്കി നിർത്തിയിരുന്നതായും അധികൃതർ അറിയിച്ചു.
നിയന്ത്രണരേഖയ്ക്കു സമാന്തരമായി ഡ്രോണുകൾ പറക്കുന്നത് ഇന്ത്യയ്ക്ക് പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യൻ അതിർത്തി കടന്ന് പറക്കുന്ന വിമാനങ്ങളും ഡ്രോണുകളും റഡാർ നിരീക്ഷണത്തിലായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം 9ന് അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതോടെയാണ് അതിർത്തി വീണ്ടും കലുഷിതമായത്. സംഭവത്തിൽ ഇരു പക്ഷത്തെയും ഏതാനും സൈനികർക്ക് നിസ്സാര പരുക്കേറ്റതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്. സംഘർഷമേഖലയിൽ നിന്ന് അൽപസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. ചൈനീസ് കടന്നുകയറ്റത്തെത്തുടർന്ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരവേയാണ് അരുണാചൽ അതിർത്തിയിലും ചൈനയുടെ പ്രകോപനം.