ബോണ്ടി ബീച്ച് ആക്രമണം; പ്രതികളായ പിതാവും മകനും ഐഎസിനോട് കൂറുണ്ടായിരുന്നവർ; റിപ്പോര്‍ട്ട് പുറത്ത്

ബോണ്ടി ബീച്ച് ആക്രമണം; പ്രതികളായ പിതാവും മകനും ഐഎസിനോട് കൂറുണ്ടായിരുന്നവരെന്ന് റിപ്പോര്‍ട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഹനുക്ക ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ദാരുണമായ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍. സിഡ്‌നിയിലെ വിനോദസഞ്ചാരകേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. അക്രമികളായ പിതാവും മകനും ആക്രമണത്തിന് മുമ്പ് ഐഎസ്‌ഐഎസിന് കൂറ് പ്രഖ്യാപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

നവേദ് അക്രം (24), പിതാവ് സാജിദ് അക്രം (50) എന്നിവര്‍ ചേര്‍ന്നാണ് ഞായറാഴ്ച വൈകിട്ട്  ബീച്ചിലുണ്ടായിരുന്ന യഹൂദര്‍ക്കുനേരെ വെടിയുതിര്‍ത്തത്. എട്ടു ദിവസത്തെ യഹൂദ ഉത്സവമായ ഹാനക്കയുടെ ആദ്യത്തെ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. ഉത്സവവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ബീച്ചില്‍ ഒത്തുകൂടിയിരുന്നു. ഈ സമയം വാഹനത്തിലെത്തിയ തോക്കുധാരികളായ അക്രമികള്‍ ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പോലീസിന് അക്രമികള്‍ എത്തിയ വാഹനത്തില്‍നിന്ന് ഐഎസ്‌ഐഎസിന്റെ കൊടി ലഭിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ ഓസ്‌ട്രേലിയയിലെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നീക്കം ചെയ്തു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പ്രതികളിലൊരാളായ നവേദ് അക്രം ഇവിടെ പഠനം നടത്തിയിട്ടുണ്ട്.

2022 ഫെബ്രുവരിയില്‍, ഖുര്‍ആന്‍ നിയമങ്ങളുടെ പാരായണമായ താജ്വീദിന്റെ എല്ലാ നിയമങ്ങളിലും പ്രാവീണ്യം നേടിയതിന് നവേദിനെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവന്‍ ആദം ഇസ്മായില്‍ സാമൂഹികമാധ്യമത്തിലൂടെ പ്രശംസിച്ചിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന നവേദിന്റെ ഫോട്ടോ അടക്കമുള്ള ഈ പോസ്റ്റും അവര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളെന്നാണ് പോസ്റ്റില്‍ നവേദിനെ ആദം ഇസ്മായില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം, 2022-ന്റെ തുടക്കത്തില്‍ തന്നെ നവേദുമായി തനിക്കുണ്ടായിരുന്ന ബന്ധം ഇല്ലാതായതായി ഇസ്മായില്‍ സിഡ്നി മോണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു. ബോണ്ടിയിലെ ഇരകളുടെ ചിത്രങ്ങള്‍ കണ്ട് താന്‍ തകര്‍ന്നുപോയെന്ന് ഇസ്മായില്‍ പറഞ്ഞു. തനിക്കും കുടുംബത്തിനും വധഭീഷണികള്‍ ലഭിച്ചെന്നും ഇത് കാരണം വീടുവിട്ട് പോകേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന കാലയളവില്‍ തന്നെ ഇസ്മായില്‍ '5 ബിഫോര്‍ 5 സൊല്യൂഷന്‍സ്' എന്ന സ്ഥാപനത്തിലും മെന്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ഓസ്‌ട്രേലിയന്‍ സ്ഥാപനത്തില്‍ കൗണ്‍സിലിംഗും ഇസ്ലാമിക യുവജന വികസന പരിപാടികളുമാണ് നല്‍കുന്നത്. അതേസമയം, ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (ASIO) 2019-ല്‍ നവേദിന് തീവ്രവാദ ബന്ധങ്ങളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നതായി എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവദിവസം നവേദും പിതാവ് സാജിദും ഷോട്ട്ഗണ്ണുകളും ബോള്‍ട്ട്-ആക്ഷന്‍ റൈഫിളുമായാണ് ബോണ്ടി ബീച്ചില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ആക്രമണം ഏകദേശം 10 മിനിറ്റ് നീണ്ടുനിന്നതായും നൂറുകണക്കിന് ആളുകള്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10-നും 87-നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ അധികവും. മിക്കവരും യഹൂദരായിരുന്നു.

അക്രമികളില്‍ ഒരാളായ സാജിദ് അക്രം സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായും, നവേദ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് സ്ഥിരീകരിച്ചു. അക്രമികളില്‍ ഒരാളെ കീഴടക്കുകയും ആയുധം പിടിച്ചുവാങ്ങുകയും ചെയ്ത 43-കാരനായ അഹമ്മദ് അല്‍ അഹമ്മദ് എന്നയാളെ ലോകം പ്രശംസകൊണ്ട് മൂടുകയാണ്. ആക്രമണത്തിനിടെ വെടിയേറ്റ അല്‍ അഹമ്മദ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.

'1998-ല്‍ സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ആളാണ് സാജിദ് അക്രം. അതേസമയം, മകന്‍ നവേദ് ഓസ്‌ട്രേലിയയില്‍ ജനിച്ച പൗരനാണ്.' മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു. 'ഞങ്ങള്‍ രണ്ട് പ്രതികളുടെയും പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. ഈ ഘട്ടത്തില്‍, അവരെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ അറിയൂ.' ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാനിയോണ്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News