മുംബൈ:ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും ബോംബെ ഹൈക്കോടതി ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
പ്രതികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഒരേ കപ്പലിൽ യാത്രചെയ്തു എന്നതിനാൽ ഗൂഢാലോചനാക്കുറ്റം ചുമത്താൻ കഴിയില്ലെന്നും ജാമ്യം നൽകിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവിൽ പറയുന്നു. എൻ.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികൾ വിശ്വസിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.
ഒക്ടോബർ 28-നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയായിരുന്നു ആര്യന് വേണ്ടി ആൾജാമ്യംനിന്നത്.
ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ അടക്കമുള്ളവരെ എൻ.സി.ബി. അറസ്റ്റ് ചെയ്തത്. തുടർന്ന് എൻ.സി.ബി. കസ്റ്റഡിയിൽ ദിവസങ്ങളോളം ചോദ്യംചെയ്തു. പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ആർതർ റോഡ് ജയിലിലടച്ചു. ഇതിനിടെ, സെഷൻസ് കോടതിയിലും എൻ.ഡി.പി.എസ്. പ്രത്യേകകോടതിയിലും ആര്യൻ ഖാൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്നാണ് ജാമ്യംതേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് ആര്യൻ ഖാനും മറ്റ് രണ്ട് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 30-ന് ആര്യൻ ജയിൽമോചിതനാവുകയും ചെയ്തു.
ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) വാദിച്ചിരുന്നത്. ആര്യൻ ലഹരി ഇടപാടുകളിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിനായി ചാറ്റ് ചെയ്തുവെന്നും എൻ.സി.ബി സംഘം കോടതിയെ അറിയിച്ചിരുന്നു. ജയിലിൽ കഴിയുന്ന ആര്യനെ ഒരു കാരണവശാലും കേസിൽ ജാമ്യം നൽകി പുറത്തുവിടരുതെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ആര്യൻ ഖാന് ലഹരി ഇടപാടുകളിൽ നേരിട്ട് പങ്കുണ്ടെന്നും വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് എൻ.സി.ബി വാദിച്ചിരുന്നുന്നത്.