വിജയ്ക്ക് പിന്നാലെ നടി തൃഷയുടെ വീടിനും ബോംബ് ഭീഷണി,പോലീസ് പരിശോധിയ്ക്കാനെത്തിയപ്പോള്‍ നടി വീട്ടില്‍,ചെന്നൈയില്‍ നടക്കുന്നത്‌

ചെന്നൈ: തമിഴ്‌നാട് പോലീസിനെ കുഴക്കി വ്യാജ ബോംബ് ഭീഷണികള്‍. ഒരാഴ്ചയ്ക്കിടെ മാത്രം 35-ഓളം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്. ഭീഷണി സന്ദേശങ്ങള്‍ കിട്ടിയതിന് പിന്നാലെ വിശദമായ പരിശോധന നടത്തി ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, വ്യാജസന്ദേശത്തിന് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍.എന്‍. രവി, നടനും ടിവികെ അധ്യക്ഷനുമായ വിജയ്, നടി തൃഷ തുടങ്ങിയ പ്രമുഖരുടെ വസതികളില്‍ ബോംബ് വെച്ചിട്ടുണ്ടായിരുന്നു കഴിഞ്ഞയാഴ്ചകളില്‍ പോലീസിന് ലഭിച്ചസന്ദേശം. ചെന്നൈയിലെ ബിജെപി ആസ്ഥാനത്തും യുഎസ് കോണ്‍സുലേറ്റിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശവും ഇതിനിടെ ലഭിച്ചു. എന്നാല്‍, പോലീസ് നടത്തിയ പരിശോധനയില്‍ ഇതെല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

തമിഴ്‌നാട് ഡിജിപിയുടെ ഇമെയില്‍ വിലാസത്തിലേക്കാണ് ദിവസവും വ്യാജ ഭീഷണി സന്ദേശങ്ങളെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ലഭിച്ച സന്ദേശത്തില്‍ പത്തിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആല്‍വാര്‍പേട്ടിലെ വസതി, ഗവര്‍ണറുടെ വസതി, വിജയ്‌യുടെ കോട്ടിവാക്കത്തെ വീട്, നടി തൃഷയുടെ തേന്യാംപേട്ടിലെയും ടി നഗറിലെയും വീട് തുടങ്ങിയ പത്ത് കേന്ദ്രങ്ങളില്‍ ബോംബ് വെച്ചെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അടക്കമെത്തി ഇവിടങ്ങളിലെല്ലാം പരിശോധന നടത്തി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പോലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ നടി തൃഷയും അവരുടെ വീട്ടിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ടി നഗറിലെ ബിജെപി ആസ്ഥാനത്ത് ബോംബ് വെച്ചെന്ന ഭീഷണിസന്ദേശമെത്തിയത്. എസ്.വി. ശേഖറിന്റെ വീടിന് നേരേയും ബോംബ് ഭീഷണിയെത്തി.

സംഭവത്തില്‍ ഇമെയിലിന്റെ ഉറവിടം തേടി സൈബര്‍ക്രൈം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇത്തരം വ്യാജസന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News