EntertainmentNationalNews

വധഭീഷണി; സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ ബോളിവുഡ് താരം സൽമാൻഖാന് വൈ പ്ലസ് സുരക്ഷയേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. നേരത്തേ സൽമാനെ കൂടാതെ അനുപംഖേർ, അക്ഷയ് കുമാർ തുടങ്ങിയവർക്ക് മുംബൈ പോലീസ് എക്സ് സുരക്ഷയായിരുന്നു നൽകിയിരുന്നത്. അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്റെ ഭീഷണിയെത്തുടർന്നാണ് സൽമാന് വൈ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചത്. എക്സ് സുരക്ഷാവിഭാഗത്തിൽ 12 പോലീസുകാരാണ് ഉൾപ്പെടുന്നതെങ്കിൽ വൈ പ്ലസിൽ കമാൻഡോകൾകൂടിയുണ്ടാവും.

ഇക്കഴിഞ്ഞ ജൂലായിലാണ് സൽമാൻ ഖാന്‌ വധഭീഷണിയുണ്ടായത്. കാലത്ത് നടക്കാൻപോകുന്നതിനിടയിൽ സൽമാന്റെ പിതാവ് സലിം ഖാനാണ് തങ്ങളുടെ വസതിക്കുസമീപമായി ചെറിയ കടലാസിൽ കുറിപ്പ് കണ്ടെത്തിയത്. മൂസാവാലയുടെ വിധി നിങ്ങൾക്കുമുണ്ടാകും എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. താഴെ ജി.ബി. എന്നും എൽ.ബി. എന്നും എഴുതിയിരുന്നു. ഈ കുറിപ്പ് കണ്ടെത്തുന്നതിന് രണ്ടുമാസംമുമ്പാണ് പഞ്ചാബി പാട്ടുകാരനായ സിദ്ധു മൂസാവാല അദ്ദേഹത്തിന്റെ ഗ്രാമത്തിൽവെച്ച് കൊല്ലപ്പെട്ടത്. ഇതിനുപിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് തെളിഞ്ഞിരുന്നു.

എൽ.ബി. എന്ന് ഉദ്ദേശിച്ചത് ലോറൻസ് ബിഷ്ണോയ് എന്നും ജി.ബി. എന്ന് ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ കാനഡയിലുള്ള സഹായി ഗോൾഡി ബ്രാർ ആണെന്നുമാണ് പോലീസ് അനുമാനിക്കുന്നത്. ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് ഭീഷണിക്കത്തിന്റെ കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും സൽമാൻ ഖാനെ വധിക്കുമെന്ന് വർഷങ്ങൾക്കുമുമ്പ് ലോറൻസ് പറഞ്ഞിരുന്നു.

പോലീസ് സുരക്ഷകൂടാതെ സൽമാനുചുറ്റും അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാഭടന്മാരുമുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button