മുംബൈ: ബോളിവുഡിലെ പ്രമുഖ സംവിധായകനും അഭിനേതാവുമാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ വേറിട്ടൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. നിലവാരം കുറഞ്ഞ ആളുകൾക്ക് വേണ്ടി സമയം മാറ്റിവയ്ക്കുന്നത് തനിക്ക് മടുത്തുവെന്നും തന്നെ കാണാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് പണം ഈടാക്കുമെന്നും വ്യക്തമാക്കിയാണ് അനുരാഗ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാരിറ്റി പ്രവർത്തനമല്ല തന്റേതെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അനുരാഗ് കശ്യപ് സൂചിപ്പിക്കുന്നു.
തന്നെ കാണാനെത്തുന്നവർ ഇനിമുതൽ മണിക്കൂറിന് അഞ്ചു ലക്ഷം രൂപ നൽകണമെന്നാണ് പോസ്റ്റിലുള്ളത്. അര മണിക്കൂറിന് രണ്ടു ലക്ഷം രൂപയും 15 മിനിറ്റിന് ഒരു ലക്ഷം രൂപയുമാണെന്നും അനുരാഗ് വിശദീകരിക്കുന്നു. തനിക്ക് സന്ദേശമയക്കേണ്ടതില്ലെന്നും പണം തരാൻ താൽപര്യമുള്ളവർ നേരിട്ട് വിളിക്കണമെന്നും കശ്യപ് പറയുന്നു. മുൻകൂറായി പണം നൽകിയാൽ സമയം അനുവദിക്കും. കുറുക്കുവഴികൾ നോക്കുന്ന ആളുകളെക്കൊണ്ട് മടുത്തുവെന്നും അദ്ദേഹം കുറിപ്പിനൊപ്പം സൂചിപ്പിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:-
‘നവാഗതരെ സഹായിക്കാൻ ശ്രമിച്ച് ഞാൻ ഒരുപാട് സമയം പാഴാക്കുകയാണ്. എല്ലാം ഒരു ഫലവുമില്ലാതെ പര്യവസാനിക്കുകയും ചെയ്യുന്നു. ഇനിമുതൽ സർഗാത്മക പ്രതിഭകളാണെന്ന് സ്വയം കരുതുന്ന ആളുകളുമായി കൂടിക്കാഴ്ചകൾ നടത്തി ഇനിയും സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ആരെങ്കിലും എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് നിരക്ക് ഈടാക്കുന്നതായിക്കും. 10 മുതൽ 15 മിനിറ്റ് വരെ എന്നെ കാണണമെങ്കിൽ ഒരുലക്ഷം രൂപ, അരമണിക്കൂറിന് രണ്ടുലക്ഷം രൂപ, ഒരു മണിക്കൂറിന് അഞ്ചുലക്ഷം രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഈ നിരക്കുകൾ നിങ്ങൾക്ക് താങ്ങാൻ കഴിയുമെങ്കിൽ എന്നെ വിളിക്കുക. അല്ലെങ്കിൽ വിട്ടുനിൽക്കുക. കൂടാതെ പണം മുൻകൂറായി നൽകുകയും വേണം.