‘ടെറസില്‍ ജിംനാസ്റ്റിക്‌സ് പരിശീലിക്കുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, ഓര്‍മ നഷ്ടമായത് ആറ് മാസത്തോളം, ബോളിവുഡ് നടി ദിഷ പഠാണിയ്ക്ക് സംഭവിച്ചത്

'ടെറസില്‍ ജിംനാസ്റ്റിക്‌സ് പരിശീലിക്കുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, ആറ് മാസത്തോളം ഓര്‍മ നഷ്ടമായി'

ബോഡി ഫിറ്റ്‌നെസിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിയാണ് ദിഷ പഠാണി. കഠിനമായ ജിം വര്‍ക്കൗട്ടുകള്‍ അവര്‍ ചെയ്യാറുണ്ട്. ജിംനാസ്റ്റിക്‌സ്, വെയ്റ്റ് ലിഫ്റ്റിങ്, എംഎംഎ, ഡാന്‍സ് തുടങ്ങിയവയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും ദിഷ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

സ്ത്രീകളുടെ വ്യായാമത്തെ കുറിച്ച് വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വിശദമായി സംസാരിച്ചിരുന്നു. ‘സാധാരണയായി സ്ത്രീകള്‍ ചെയ്യുന്നത് കാര്‍ഡിയോ വ്യായാമങ്ങളാണെന്നും ഭാരം ഉയര്‍ത്തല്‍ അല്ലെന്നുമാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ഞങ്ങള്‍ എല്ലാവരും കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട്. ജിമ്മില്‍ വളരെ കഠിനമായി പരിശീലനം നടത്തുന്ന നിരവധി പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്.’-ദിഷ പറയുന്നു.

എന്നാല്‍ ജിംനാസ്റ്റ്ക്‌സ് പരിശീലനത്തിനിടെയുണ്ടായ ഒരു അപകടത്തെ കുറിച്ച് അവര്‍ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജിംനാസ്റ്റിക്‌സിലുള്ള അവരുടെ കഴിവ് ‘ഭാരത്’ എന്ന ചിത്രത്തില്‍ സര്‍ക്കസ് കലാകാരിയായി അഭിനയിക്കാന്‍ അവരെ സഹായിച്ചിരുന്നു. എന്നാല്‍ ഇതിനായുള്ള പരിശീലനം ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന നിമിഷങ്ങളിലേക്കാണ് നയിച്ചത്. ടെറസില്‍ ജിംനാസ്റ്റിക്‌സ് പരിശീലിക്കുന്നതിനിടെ ദിഷയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഈ അപകടം മാസങ്ങളോളം തന്നെ വേട്ടയാടിയെന്നും ഗുരുതരമായ ഓര്‍മക്കുറവിന് കാരണമായെന്നും ദിഷ പറയുന്നു. ‘എന്റെ ആറ് മാസത്തെ ജീവിതം നഷ്ടമായി. ദൈനംദിന ജീവിതം പോലും ബുദ്ധിമുട്ടിലായി. ആ കാലത്തെ ഓര്‍മയെ മായ്ച്ചുകളയുന്ന തരത്തിലുള്ള ഗുരുതരമായ ഓര്‍മക്കുറവിന് കാരണമായി’-ദിഷ പറയുന്നു.

ഈ തിരിച്ചടി നേരിട്ടിട്ടും അവര്‍ പരിശീലനം തുടര്‍ന്നു. ‘ഇപ്പോള്‍ ഷൂട്ടിങ്ങില്ലാത്ത സമയത്ത് ആഴ്ചയില്‍ ജിംനാസ്റ്റിക്‌സും എംഎംഎയും മാറിമാറി പരിശീലിക്കുന്നു. എംഎംഎ താരതമ്യേന എളുപ്പമാണ്. എന്നാല്‍ ജിംനാസ്റ്റിക്‌സിന് സ്ഥിരതയും ധൈര്യവും ആവശ്യമാണ്. ഞാന്‍ ഇന്ന് നില്‍ക്കുന്നിടത്തേക്ക് എത്താന്‍ ഒരുപാട് സമയമെടുത്തിട്ടുണ്ട. നിങ്ങള്‍ ഇത് എല്ലാ ദിവസവും ചെയ്യണം.

എല്ലുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും പരിക്ക് പറ്റിയാല്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയൂ.’-ദിഷ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷമായി താന്‍ സ്ഥിരമായി പരിശീലിക്കുന്നുണ്ടെന്നും 20 വയസ്സിന് ശേഷം ശരീരം മാറുന്നതിനാല്‍ ചെറുപ്പത്തില്‍തന്നെ ഇത് പഠിക്കുന്നതാണ് എപ്പോഴും നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News